തിരുവനന്തപുരം: കോവിഡ് 19 വൈറസ് രോഗബാധ സംശയിച്ചിരുന്ന ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ചാടിപ്പോയതായി വിവരം ലഭിച്ചു. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഹരിയാന സ്വദേശിയാണ് ഇവിടെ നിന്നും ചാടിപ്പോയത്. ജർമനിയിൽ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്.
കൊറോണ വൈറസ് ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലിരികികെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് മുങ്ങിയ വിദേശ ദമ്പതികളെ ഇന്നലെ കണ്ടെത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ബ്രിട്ടനിൽ നിന്ന് ദോഹ വഴിയാണ് ദമ്പതികൾ കേരളത്തിൽ എത്തിയിരുന്നത്.
തിരുവനന്തപുരത്ത് മൂന്ന് പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ കർശന നിർദേശങ്ങളുമായി ജില്ലാ കളക്ടർ രംഗത്തെത്തിയിരുന്നു. ജനങ്ങൾ വീട്ടിലിരിക്കണം. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങണം. ഷോപ്പിംഗ് മാളുകളും ബീച്ചും അടച്ചിടും. രോഗ ലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്.
ബ്യൂട്ടി പാർലറുകൾക്കും ജിമ്മുകൾക്കും നിയന്ത്രണമേർപ്പെടുത്തും. രോഗലക്ഷണം കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. എന്നിങ്ങനെയായിരുന്നു കളക്ടറുടെ നിർദേശങ്ങൾ. ജില്ലയിൽ 249 പേർ നിരീക്ഷണത്തിലാണ്. വർക്കലയിൽ ജാഗ്രത കൂട്ടുമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. ജില്ലയിൽ ഉത്സവങ്ങളും ആഘോഷങ്ങളും നിറുത്തിവയ്ക്കാനും അദ്ദേഹം കർശന നിർദേശം നൽകിയിട്ടുണ്ട്.