oil-price-

കൊച്ചി: രാജ്യാന്തര ക്രൂഡോയിൽ വില കുറയുമ്പോഴുള്ള നേട്ടം ജനങ്ങൾക്ക് കൈമാറേണ്ടെന്ന 2014-15ലെ തീരുമാനം ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. ധനക്കമ്മി പിടിച്ചുനിറുത്തുക മാത്രമാണ് കേന്ദ്ര ലക്ഷ്യം.

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 2014 മുതൽ 2016വരെ ക്രൂ‌ഡോയിൽ വിലക്കുറവിന്റെ പശ്‌ചാത്തലത്തിൽ പെട്രോൾ,​ ഡീസൽ എക്‌സൈസ് നികുതി തുടരെ കൂട്ടിയിരുന്നു. മോദി അധികാരത്തിൽ ഏറുമ്പോൾ പെട്രോളിന് എക്‌സൈസ് നികുതി 9.48 രൂപ മാത്രമായിരുന്നു; ഡീസലിന് 3.56 രൂപയും. ഇതാണിപ്പോൾ യഥാക്രമം 22.98 രൂപയും 18.83 രൂപയുമായി വർദ്ധിപ്പിച്ചത്.

ഭരണത്തിലേറിയതിന്റെ തുടക്കം മുതൽ സമ്പദ്‌വളർച്ചയ്ക്ക് പകരം ജനക്ഷേമത്തിന് ഊന്നൽ കൊടുത്ത മോദി സർക്കാർ,​ അധിക വരുമാനം നേടാനും ധനക്കമ്മി നിയന്ത്രിക്കാനും കണ്ട മാർഗങ്ങളിൽ ഒന്നായിരുന്നു ഇന്ധന എക്‌സൈസ് നികുതി വർദ്ധന. പൊതുമേഖലാ ഓഹരി വില്പനയും റിസർവ് ബാങ്കിന്റെ റിസർവ് ധനശേഖരവുമായിരുന്നു മറ്റു മാർഗങ്ങൾ.

ക്രൂഡോയിൽ വില താഴേക്ക് നീങ്ങിയതിനാലും നികുതി കുറയ്ക്കണമെന്ന മുറവിളി ഉയർന്നതിനാലും പിന്നീട് എക്‌സൈസ് നികുതി കൂട്ടുന്നതിൽ നിന്ന് സർക്കാർ വിട്ടുനിന്നു. ഇപ്പോൾ ക്രൂഡോയിൽ വില കൊറോണയുടെ പശ്‌ചാത്തലത്തിൽ പാതിയോളം ഇടിഞ്ഞതിന്റെ ചുവടുപിടിച്ചാണ് വീണ്ടും എക്‌സൈസ് നികുതി കൂട്ടിയത്.

നികുതി കൂട്ടിയതിന്റെ ബാദ്ധ്യത നേരിട്ട് ജനങ്ങളെ ബാധിക്കില്ലെങ്കിലും,​ ക്രൂഡോയിൽ വില കുറഞ്ഞതിന് ആനുപാതികമായ കുറവ് പെട്രോൾ,​ ഡീസൽ വിലയിൽ കിട്ടില്ലെന്ന തിരിച്ചടിയുണ്ട്. ലിറ്ററിന് ഒരു രൂപ റോഡ് സെസ് ഉൾപ്പെടെ മൂന്നു രൂപ വീതമാണ് ഇന്നലെ എക്‌സൈസ് നികുതി കേന്ദ്രം കൂട്ടിയത്. ഈ നടപടി ഉണ്ടായിരുന്നില്ലെങ്കിൽ,​ പെട്രോളിനും ഡീസലിനും കുറഞ്ഞത് മൂന്നു രൂപയെങ്കിലും ഇന്നലെ കുറയേണ്ടതായിരുന്നു. പകരം കുറഞ്ഞത്,​ പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയും.

ക്രൂഡോയിൽ വിലയിടിവ് മൂലം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലക്കുറവ്,​ നികുതി ബാദ്ധ്യത ഉപയോഗിച്ച് ക്രമപ്പെടുത്തിയ (അഡ്‌ജസ്‌റ്ര്)​ ശേഷമാണ് ഇന്നലെ എണ്ണ വിതരണ കമ്പനികൾ പെട്രോളിനും ഡീസലിനും വില കുറച്ചത്.

ന്യായീകരണം ഇതാ

കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവ് ബാരലിന് (ബ്രെന്റ്)​ 30 ഡോളറോളമാണ്. ഇക്കാലയളവിൽ പെട്രോളിനും ഡീസലിനും രാജ്യത്ത് ആറു രൂപയോളം താഴ്‌ന്നു. ഇത്,​ കേന്ദ്രസർക്കാരിന്റെ നികുതി വരുമാനത്തെ ബാധിച്ചു.

നിലവിൽ,​ എക്‌സൈസ് നികുതി മൂന്നു രൂപ കൂട്ടിയെങ്കിലും അത് ജനങ്ങളെ നേരിട്ട് ബാധിക്കില്ല. നികുതി വർദ്ധന,​ നേരത്തേയുണ്ടായ വിലക്കുറവുമായി എണ്ണക്കമ്പനികൾ ക്രമപ്പെടുത്തിയിട്ടുണ്ട്.

₹39,​000 കോടി

കോർപ്പറേറ്ര് നികുതിയിൽ ഉൾപ്പെടെ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്,​ ഇപ്പോൾ കേന്ദ്രം ഇന്ധന എക്‌സൈസ് നികുതി കൂട്ടിയത്. ഇതുവഴി 39,​000 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് കിട്ടും.

വില നിർണയം

 പെട്രോൾ

ഡീലർ വില : ₹33.11

എക്‌സൈസ് നികുതി : ₹22.98

സംസ്ഥാന നികുതി : 30.08% വില്പന നികുതി+₹1 അഡിഷണൽ വില്പന നികുതി+1% സെസ്

ഡീലർ കമ്മിഷൻ : ₹3.56

വില (ഇന്നലെ)​ : ₹73.28 (തിരുവനന്തപുരം)​

 ഡീസൽ

ഡീലർ വില : ₹36.84

എക്‌സൈസ് നികുതി : ₹18.83

സംസ്ഥാന നികുതി : 22.76% വില്പന നികുതി+₹1 അഡിഷണൽ വില്പന നികുതി+1% സെസ്

ഡീലർ കമ്മിഷൻ : ₹2.50

വില (ഇന്നലെ)​ : ₹67.49 (തിരുവനന്തപുരം)​