കൊല്ലം: സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി സാത്താൻ ആരാധാനയിലേക്ക് വിദ്യാർത്ഥികളെ വശീകരിക്കുു്ന സംഘങ്ങൾ കേരളത്തിലും സജീവമാകുന്നതായി റിപ്പോർട്ട്. പല നഗരങ്ങളിലും വേരുകളുള്ള ഈ സംഘത്തിന്റെ കെണിയിൽപ്പെട്ട് പണവും രേഖകളും ഉൾപ്പെടെ നഷ്ടപ്പെടുന്നവർ അപമാനം ഭയന്ന് സംഭവത്തെക്കുറിച്ച് പുറത്തുപറയുന്നില്ല. കൊല്ലത്ത് പത്താം ക്ലാസുകാരനെ വശീകരിച്ച് കെണിയിൽപ്പെടുത്തിയ സംഭവമാണ് ഇതിൽ ഒടുവിലത്തേത്.
ഇൻസ്റ്റഗ്രാമിൽ വന്നൊരു ലിങ്ക് വഴിയാണ് കുട്ടി ഈ ഗ്രൂപ്പിലെത്തുന്നത്. ബ്ലൂവെയിൽ പോലുള്ള ഗെയിമുകൾക്ക് സമാനമായ രീതിയിലാണ് ഗ്രൂപ്പുകളുടെ പ്രവർത്തനം.വിദേശത്ത് തൊഴിൽ, പഠന സാദ്ധ്യതകൾ, ആഡംബര കാർ, കോടികളുടെ സമ്പാദ്യം, വീടുകൾ എന്നിങ്ങനെയാണ് ഗ്രൂപ്പംഗങ്ങൾക്ക് നൽകുന്ന വാഗ്ദാനം. പലഘട്ടങ്ങളിലായി ടാസ്കുകൾ നൽകിയാണ് ഇവരുടെ കൂട്ടായ്മയിൽ അംഗത്വം നൽകുന്നത്. റെയിൽപാളത്തിലൂടെ അർദ്ധരാത്രി നടത്തിക്കുക, ശരീരം മുറിച്ച് രക്തം കാണിക്കുക, സാത്താനിക് ടെമ്പിൾ വീട്ടിൽ ഒരുക്കുക,ആടിന്റെ രക്തം ബലിനല്‍കുക എന്നിങ്ങനെയുള്ള ടാസ്തുകളാണ് ഗ്രൂപ്പംഗങ്ങൾക്ക് നൽകുന്നത്.
ദേഹത്ത് മുറിവേൽപ്പിക്കുന്നതുൾപ്പെടെയുള്ള അപകടകരമായ ടാസ്കുകൾ എത്തിയതോടെ കുട്ടി പിൻമാറുകയായിരുന്നു ഇതോട വധഭീഷണിയുൾപ്പെടെയെത്തി. തുടർന്ന് കുട്ടിയും മാതാപിതാക്കളും കളക്ടർക്ക് പരാതി നൽകുകയായിരുന്നു. ശിശുസംരക്ഷണ യൂണിറ്റ് കൗൺസലിംഗ് ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കുട്ടി പറഞ്ഞത്.