corona-case

ടെഹ്റാൻ: കൊറോണ വൈറസ് അമേരിക്കയുടെ ജൈവായുധ പ്രയോഗമാണെന്ന ആരോപണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ട്വീറ്റ്.

ഇത് സംബന്ധിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. പകർച്ച വ്യാധി നിയന്ത്രിക്കുന്നതിന് സൈന്യം രംഗത്തിറങ്ങണമെന്നും അത് രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാപ്തിക്കും ഗുണകരമായി ഭവിക്കുമെന്നും ഖമനേയി പറഞ്ഞു.

80കാരനായ ആത്മീയ നേതാവിന്റെ ആരോപണത്തിന് അമേരിക്കൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചുട്ട മറുപടി നൽകി.

ചൈനയിലെ വുഹാനിൽ നിന്നും ഇറാനിലേക്ക് എങ്ങനെയാണ് കൊറോണ പടർന്നത് എന്ന കാര്യം ജനങ്ങളോട് വിശദീകരിക്കുന്നതായിരിക്കും മികച്ച ജൈവ പ്രതിരോധം എന്നായിരുന്നു പോംപിയോയുടെ ട്വീറ്റ്.

വൈറസ് ബാധ തടയുന്നതിന് പകരം രാജ്യത്തെ വിമാന സർവീസായ മഹാൻ എയറിന്റെ വിമാനങ്ങളെ ചൈനയിലേക്ക് ചെല്ലാനും അവിടെ നിന്നും തിരികെ വരാനും അദ്ദേഹം അനുവദിച്ചെന്നും രാജ്യത്ത് രോഗത്തിനെതിരെ ശബ്ദമുയർത്തിയവരെ ജയിലിൽ അടച്ചുവെന്നും പോംപിയോ ആരോപിച്ചു.

ഇതിനിടെ ആയത്തൊള്ള അലി ഖമനേയിയുടെ മുതിർന്ന ഉപദേശകൻ ഡോ. അലി അക്ബർ വെലയാതിക്കും കൊറോണ സ്ഥിരീകരിച്ചു.  കൂട്ടക്കുഴിമാടമൊരുക്കി ഇറാൻ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടക്കുഴിമാടമൊരുക്കി ഇറാൻ. പ്രധാന നഗരമായ ഖോമിലെ ബെഹെഷ്ടെ മസൗമെ സെമിത്തേരിയിൽ 100 മീറ്ററോളം നീളത്തിൽ രണ്ടു കുഴിമാടങ്ങൾ തീർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ന്യൂയോർക്ക് ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച ആദ്യത്തെ റിപ്പോർട്ട് പുറത്തുവിട്ടത്. മറ്റൊരു യു.എസ്. കമ്പനിയായ മാക്സർ ടെക്നോളജീസും സമാനചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. ഇറാനിൽ ഇതുവരെ 612 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 13000 ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലി കഴിഞ്ഞാൽ രോഗബാധ ഏറ്റവുമധികം ഉള്ളത് ഇറാനിലാണ്.

എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പര്യടനവും വിനോദസഞ്ചാരികൾക്കുള്ള വിസയും നേപ്പാൾ താത്കാലികമായി നിറുത്തിവെച്ചു. എവറസ്റ്റിലേക്കുള്ള പര്യടനം ചൈനയും ടിബറ്റും കഴിഞ്ഞദിവസം നിറുത്തലാക്കിയിരുന്നു.

 ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് ശ്രീലങ്ക രണ്ടാഴ്ചത്തേക്ക് യാത്രവിലക്കേർപ്പെടുത്തി.

 കുവൈറ്റിൽ ഇന്ത്യാക്കാരൻ ഉൾപ്പെടെ നാലുപേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 104 ആയി.

 ഖത്തറിൽ ഇന്നലെ 17 പേർ ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 337 ആയി.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഒരു മാസത്തേക്കാണ് അവധി.