ന്യൂഡൽഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ ധനസഹായം നൽകുമെന്ന ഉത്തരവ് കേന്ദ്രസർക്കാർ തിരുത്തി. ഇതിനൊപ്പം ചികിത്സാ സഹായവും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതുക്കിയ ഉത്തരവ് ഇറക്കിയത്.
ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൊറോണയെ കേന്ദ്രസർക്കാർ ദുരന്തമായി പ്രഖ്യാപിച്ചത്.
കൊറോണയെ ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നുള്ള പണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായും ലാബുകൾ, മറ്റു ഉപകരണങ്ങൾ എന്നവയ്ക്കായി എസ്.ഡി.ആർ.എഫിൽ നിന്നുള്ള പണം ഉപയോഗിക്കാം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. വാർഷിക ഫണ്ടിൽന്ന്നും പത്തുശതമാനം വരെ ലാബുകൾക്കും മറ്റുപകരണങ്ങൾക്കുമായി വിനിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
ആദ്യം പുറപ്പെടുവിച്ച ഉത്തരവിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ ധനസഹായവും കൊറോണ സ്ഥിരീകരിച്ച ആളുകളുടെ ചികിത്സാ ചെലവും ഈ ഫണ്ടിൽനിന്ന് ഉപയോഗിക്കാൻ നിർദേശമുണ്ടായിരുന്നു, എന്നാൽ ഈ നിർദേശം പിൻവലിച്ചുകൊണ്ടാണ് ഏറ്റവും പുതിയ ഉത്തരവ് വന്നിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ടിൽ നിന്ന് തുക ഉപയോഗിക്കാം. സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.