tourism

കൊച്ചി: കൊറോണ ഭീതിയും കടുത്ത നിയന്ത്രണങ്ങളും കേരളാ ടൂറിസത്തിന് വലിയ തിരിച്ചടിയാകുന്നു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടപ്പാണ്. വിമാന,​ ട്രെയിൻ ടിക്കറ്റുകളെല്ലാം കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നു. യാത്രാ നിയന്ത്രണങ്ങളും വിമാന സർവീസ് റദ്ദാക്കലുകളും ഹോട്ടൽ ബുക്കിംഗിനെയും ബാധിച്ചു. വരുമാനത്തിലും വിനോ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധന പ്രതീക്ഷിച്ചിരിക്കേയാണ് കൊറോണ വില്ലനായി എത്തിയത്.

1.96 കോടി

കഴിഞ്ഞവർഷം (2019)​ ആകെ 1.96 കോടി വിനോദ സഞ്ചാരികളെയാണ് കേരളം വരവേറ്റത്. ഇതിൽ 1.83 കോടിയും ആഭ്യന്തര സഞ്ചാരികളാണ്. കഴിഞ്ഞ രണ്ടര പതിറ്രാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2018ൽ ആകെ സഞ്ചാരികൾ 1.67 കോടിയായിരുന്നു.

₹45,​010 കോടി

കഴിഞ്ഞവർഷം ടൂറിസത്തിലൂടെ കേരളം നേടിയ വരുമാനം 45,​010 കോടി രൂപയാണ്. വർദ്ധന 24.14 ശതമാനം.

₹10,​000 കോടി

കഴിഞ്ഞവർഷം ടൂറിസത്തിൽ നിന്നുള്ള വിദേശ നാണയ വരുമാനം ആദ്യമായി 10,​000 കോടി രൂപ കവിഞ്ഞു. 17.19 ശതമാനം വർദ്ധനയോടെ 10,​271 കോടി രൂപയാണ് 2019ൽ കിട്ടിയത്.

43.9%

കഴിഞ്ഞവർഷം ടൂറിസത്തിലൂടെ നേടിയ വിദേശ നാണയ വരുമാനത്തിൽ 43.9 ശതമാനവും സ്വന്തമാക്കിയത് എറണാകുളം ജില്ലയാണ്. എറണാകുളത്തിന്റെ വരുമാനം 4,​508 കോടി രൂപ. 2,​680 കോടി രൂപയുമായി തിരുവനന്തപുരമാണ് രണ്ടാമത്. മൂന്നാമത് ആലപ്പുഴ; വരുമാനം 1,​003 കോടി രൂപ.

വൻ തിരിച്ചടി

2018ലും 2019ലും പ്രളയം വലിയ തിരിച്ചടിയായെങ്കിലും ടൂറിസം മേഖല തളരാതെ പിടിച്ചുനിന്നിരുന്നു. മഹാപ്രളയമുണ്ടായ 2018ൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 17.81 ശതമാനവും വിദേശ സഞ്ചാരികളുടെ എണ്ണം 8.52 ശതമാനവും ഉയർന്നിരുന്നു. 2019ലാകത്തെ 28 ലക്ഷത്തോളം ആഭ്യന്തര സഞ്ചാരികൾ അധികമായി കേരളത്തിലെത്തി.

2020ൽ ആഭ്യന്തര-വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർദ്ധന പ്രതീക്ഷിച്ചിരിക്കേയാണ് കൊറോണയുടെ താണ്ഡവം.