തിരുവനന്തപുരം: കോവിഡ് 19 രോഗബാധ കണക്കിലെടുത്ത് ജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകമാനം രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത കൂട്ടേണ്ടതുണ്ടെന്നും പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഫലപ്രദമാണെന്നും ഇന്ന് പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ നിലവിൽ 7.667 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 7,375 പേർ വീടുകളിലും 302 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും സംസ്ഥാന പൊലീസും ഒത്തുചേർന്ന് പ്രവർത്തിക്കും. പ്രാദേശിക സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. അദ്ദേഹം വ്യക്തമാക്കി.
നിരീക്ഷണത്തിൽ ഉള്ളവരുമായി നിരന്തരം ബന്ധപ്പെടും. അവർക്ക് നിർദേശങ്ങൾ എഴുതി നൽകും.ഇതിനായും മറ്റും ഡോക്ടർമാരെ ചുമതലപ്പെടുത്തും. മാദ്ധ്യമങ്ങൾ വാർത്താ റിപ്പോർട്ടിംഗിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. ആശുപത്രി പരിസരത്തുള്ള റിപ്പോർട്ടിംഗ് ഒഴിവാക്കണം. രോഗികളുടെ ബന്ധുക്കളുടെ പ്രതികരണം എടുക്കരുത്. ഇതിനായി മൈക്ക് മുഖത്തോട് അടുപ്പിക്കരുത്. മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികൾ രോഗ പ്രതിരോധത്തിൽ സഹായിക്കണമെന്നും നിശ്ചിത എണ്ണത്തിൽ രോഗികളെ സ്വീകരിക്കാൻ തയാറാകണമെന്നും നിർദ്ദേശമുണ്ട്. ആരോഗ്യ വകുപ്പിനൊപ്പം പൊലീസും യാത്രക്കാരെ കൃത്യമായി പരിശോധിക്കും. ഇതിനായി വിമാനത്താവളങ്ങളിൽ എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും പൊലീസ് പരിശോധന ഉണ്ടാകും. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ താമസിപ്പിക്കും. ഉത്സവങ്ങളും പ്രാർത്ഥനാ യോഗങ്ങളും മാറ്റാനായി പൊലീസ് നേരിട്ട് ഇടപെടും. മുഖ്യമന്ത്രി അറിയിച്ചു.