corona-

തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പരിശോധനയ്ക്കുള്ള ആരോഗ്യവകുപ്പ് അധികൃതരുടെ സംഘത്തിനൊപ്പം ഇനി പൊലീസും. അതീവ ജാഗ്രതയോടെ രോഗ പ്രതിരോധ മുൻകരുതൽ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.

വിമാനത്താവളങ്ങളിൽ എസ്‌.പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനയ്ക്ക് ഉണ്ടാകും. റെയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഡിവൈ.എസ്‌.പിമാരുടെയും നേതൃത്വത്തിൽ പരിശോധനാ സംഘങ്ങൾ പ്രവർത്തിക്കും. ഇന്ന് രാത്രി മുതൽ തന്നെ പരിശോധന തുടങ്ങാനാണ് തീരുമാനം. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാൻ സംവിധാനം ഒരുക്കും.ഉത്സവങ്ങളും പ്രാർത്ഥനാ യോഗങ്ങളും നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് ഇടപെടണമെന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.