puthusseri-

തിരുവനന്തപുരം: ''പൊലീസിന്റെ തല്ലുകൊണ്ട് വശം കെടുമ്പോഴും വീറുവിടാതെ സിന്ദാബാദ് വിളിച്ചവരുടെ കൂട്ടത്തിൽ ഒരു കവിയുണ്ടായിരുന്നു- പുതുശ്ശേരി രാമചന്ദ്രൻ''- ഇങ്ങന ഒരിക്കൽ കുറിച്ചത് പ്രൊഫ. എസ്.ഗുപ്തൻ നായരാണ്.

ചെറുപ്പക്കാരനായ പുതുശ്ശേരിയെ കുറിച്ച് ഗുപ്തൻ നായരുടെ കുറിപ്പിങ്ങനെ''... കവിതയും സമരവും ഒന്നിച്ചുകൊണ്ടു പോയ ആവേശഭരിതരുടെ പുതുതലമുറയിൽ പുതുശേരിയും ഉണ്ടായിരുന്നു. അക്കാലത്ത് പ്രസിദ്ധപ്പെടുത്തിയ കാവ്യസമാഹാരമാണ് 'ആവുന്നത്ര ഉച്ചത്തിൽ'. ആവുന്നത്ര ഉച്ചത്തിൽ വിളിക്കേണ്ടത് കവിതയല്ല,​ മുദ്രാവാക്യമാണന്ന് ചിലർക്കെങ്കിലും അന്നു തോന്നിയിരിക്കണം. പക്ഷെ,​ ആവേശം തീഷ്ണമായിരുന്നു. രക്തം തിളയ്ക്കുകയായിരുന്നു...'

''കാറിച്ചുമയ്ക്കിലും ചീറിത്തരിക്കുന്നു

ചോരക്കണങ്ങളണയാത്ത കൊള്ളികൾ'' എന്നാൽ 'ആവുന്നത്ര ഉച്ചത്തിലി'ലെ ഒരു കവിതയിലെ വരികൾ. വിപ്ലാവേശത്തിൽ കവി ഇങ്ങനേയും എഴുതി

''എന്തൊരു വീറെൻ സഖാക്കളെ! നാമന്നു

ചിന്തിയ ചോരതൻ ഗാനം രചിക്കുവാൻ..''

ഇതെഴുതുന്നത് 1950 ഡിസംബറിലാണ്. കാലം മുന്നോട്ടു പോകുമ്പോൾ പുതുശ്ശേരിയുടെ ചിന്തയിൽ വന്ന മാറ്റം കവിതയിലും കാണാം പാർട്ടിയെക്കാൾ വലുതാണ് മനുഷ്യൻ എന്ന് കവി തിരിച്ചറിഞ്ഞിരുന്നു. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് കൊല്ലത്തെ ചന്ദനത്തോപ്പിലെ വെടിവെയ്പ്പ് തെറ്റായിപ്പോയെന്ന് പുതുശ്ശേരി പറഞ്ഞപ്പോൾ പാർട്ടിക്ക് നീരസമായി. പക്ഷെ,​ പുതുശ്ശേരി ഉറക്കെ പാടി

''മനുഷ്യസ്നേഹത്തിന്റെ

തത്വശാസ്ത്രമേ വെറും

മതഭ്രാന്തന്മാരുടെ

കൊലവാളെന്നോ നീയും''

മണ്ണ്,​ ഗ്രാമം,​ കർഷകൻ,​ തൊഴിലാളി എല്ലാം പുതുശ്ശേരി കവിതകളിൽ പ്രതീകങ്ങളും വിഷയങ്ങളുമായി. പുതുശ്ശേരി കവിതയിലെ സ്ത്രീസങ്കൽപ്പം പരമ്പരാഗത രീതിയിൽ നിന്നും കുതറിമാറി നിൽക്കുന്നതാണ്.പ്രണയിനിയിൽ പോലും കാണാം ആത്മവീര്യവും വിപ്ലവബോധവും. അനീതിക്കു നേരെ ശബ്ദിക്കുന്ന പെണ്ണിനെ വിശേഷിപ്പിക്കുന്നത് 'അപ്പോൾ രാകിയൊരരിവാൾ മാതിരി' എന്നാണ്.

മലയാളത്തിലെ പാട്ട് പ്രസ്ഥാനത്തെ പറ്റി ആഴത്തിൽ പഠിച്ച ചുരുക്കം ചിലരിൽ ഒരാളാണ് പുതുശ്ശേരി രാമചന്ദ്രൻ. കണ്ണശ്ശ കവികളായ മാധവപണിക്കർ,​ ശങ്കരപണിക്കർ,​ രാമപണിക്കർ എന്നിവരെ മലയാളികൾക്ക് മനസിലാക്കി കൊടുത്തു. കണ്ണശ്ശരാമായത്തിന്റെ അംബാസഡറായിരുന്നു അദ്ദേഹം.

സമീപകാലത്ത് വയലാർ അവാർഡിനു വേണ്ടി പരിഗണിക്കപ്പെട്ടത് ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ പേരായിരുന്നു. അത് പിന്നീട് വിവാദമായി തീരുകയും അവാർഡ് നിഷേധിക്കപ്പെടുകയുമുണ്ടായി. ജീവിതസായാഹ്നത്തിൽ ഇത്തരമൊരു വിവാദം ഒഴിവാക്കപ്പെടേണ്ടതു തന്നെയായിരുന്നു. പക്ഷേ പരിഭവം കവി പുറത്തു കാണിച്ചില്ല. പണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളെ നേരിട്ടപ്പോൾ എഴുതിയിട്ടുണ്ട്.

''എന്നോടിങ്ങനെ

വേണ്ടിയിരുന്നോ

മഴവെയിലേ

നിന്നെ ഞാൻ

ഉടപ്പൂരിപ്പൂണ്ട

കർഷകനല്ലോ! (മഴവെയിലിനോട് )​

ഒടുവിൽ കവിയെ മരണം കൂട്ടിക്കൊണ്ടു പോകുന്നു. മരണത്തെ പറ്റിയും സ്വർഗത്തെ പറ്റിയും കവി എന്നേ എഴുതി കഴിഞ്ഞിരിക്കുന്നു. സ്വർഗത്തോടല്ല,​ ഈ മണ്ണിനോടായിരുന്നു കവിക്ക് എപ്പോഴും ഇഷ്ടം.

'ജീവിതം എന്റെ നിത്യകാമുകി' എന്ന കവിതയിൽ അതു കാണാം.

''ഞാനൊന്നു ചോദിക്കട്ടെ

മരണം നീവന്നെന്നെ-

യീ മണിത്തേരേറ്റിയാ-

സ്വർഗത്തുകൊണ്ടെത്തിച്ചാൽ

ഇത്രമേൽ പുകഴ്ത്തി നീ

പറയുന്നൊരാ സ്വർഗ-

മത്രമേലഭികാമ്യ-

മെങ്കിലോ ചോദിപ്പു ഞാൻ

അരളിപ്പൂക്കൾ കാറ്റ-

ത്തമ്മാനമാടിപ്പാടും

'ഇടമുറ്റ'വും 'മാവും

നാലുകെട്ടു'മങ്ങുണ്ടോ?​

കാറ്റിന്റെ നിറുകയിൽ

കസ്തൂരിക്കുറി ചാർത്തും

കാട്ടുമുല്ലകളുണ്ടോ?​

''ഈ കവി ദുഃഖത്തിനും രോഷത്തിനുമിടയിലൂടെ സഞ്ചരിക്കുകയായിരുന്നു. വരാത്ത വസന്തങ്ങളേയും പൂക്കാത്ത ചെടികളേയും തുറക്കാത്ത വീടുകളേയും ഓർത്താണ് ദുഃഖം. വിപ്ലവം വിരിയിച്ച ചുവന്ന നക്ഷത്രങ്ങളുടെ പ്രകാശമണിഞ്ഞ ആകാശത്തിനുവേണ്ടി തുടികൊട്ടുകയും തോറ്റങ്ങൾ പാടുകയും ചെയ്ത് കാത്തിരുന്നിട്ടും ആരോ ഇരുട്ടിന് അഭയം കൊടുത്ത് പ്രതീക്ഷകളെ മായ്ച്ചുകളഞ്ഞതിലാണ് രോഷം ''- എം.ടി. വാസുദേവൻ നായർ പുതുശേരിയെക്കുറിച്ച് പറയുന്നതിങ്ങനെ.