itali

റോം: നാടെങ്ങും കൊറോണ മരണ താണ്ഡവമാടുമ്പോൾ നാളുകളായി കതകടച്ച് വീട്ടിനുള്ളിൽ ഏകാന്തവാസം അനുഭവിക്കുന്ന ഇറ്റലിക്കാർ ജനവാതിലുകൾ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി.

ആകാശം മുട്ടുന്ന അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾ എല്ലാ വീടുകളുടെയും ജനാലകൾ തുറന്നുവച്ചു.

ഗിറ്റാറും വയലിനും കൈയിലേന്തി നഗരമൊന്നാകെ ബാൽക്കണിക്ക് മുന്നിലെത്തി. എന്നിട്ട് ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ആലപിച്ചു.

വോലാരേ... എന്നു തുടങ്ങുന്ന ഇറ്റലിയുടെ പ്രിയ ഗാനം പലതവണ മരണം മണക്കുന്ന തെരുവുകളിൽ അലയടിച്ചു. 'വോലാരേ' എന്നാൽ പറക്കുകയെന്നാണ് അർത്ഥം.

ഒറ്റപ്പെടലിനെ അതിജീവിക്കാൻ,​ കൊറോണ ഭീതിയെ അകറ്റാൻ, സംഗീതസാന്ദ്രമായ ഫ്ളാഷ്മോബ് ഒരുക്കിയ ഇറ്റാലിയൻ ജനതയുടെ വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായി.

ദുരന്തങ്ങളിൽ നിന്ന് എങ്ങനെ ആശ്വാസം പകരാമെന്ന് റോം കാണിച്ചു തരുന്നുവെന്ന് പലരും കുറിച്ചു.

ദേശീയഗാനം മുതൽ പ്രിയ നാടോടിപ്പാട്ടുകൾ വരെ ഒത്തു ചേർന്ന് ഉറക്കെ പാടിയതിലൂടെ നാളുകളായി വീടിനുള്ളിൽ തളയ്ക്കപ്പെട്ട മനസിന് ആശ്വാസം പകരാനും ഒറ്റയ്ക്കല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുത്താനും ഇവർക്ക് കഴിഞ്ഞു.

.