ganguli

മുംബയ്: ഐ.പി.എൽ പതിമ്മൂന്നാം സീസൺ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാഗുലി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ മീറ്രിംഗിന് ശേഷം സംസാരിക്കുകയായിരുന്നു ഗാംഗുലി.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഈ മാസം 29ന് തുടങ്ങേണ്ട ഐ.പി.എൽ ഏപ്രിൽ 15 ലേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഇത്തവണത്തെ ഐ.പി.എൽ റദ്ദാക്കുമോ എന്ന ചോദ്യത്തിനാണ് ഐ.പി.എൽ നടത്തുമെന്ന് ഗാംഗുലി പറഞ്ഞത്. ഏപ്രിൽ 15നും തുടങ്ങാനാകാത്ത സ്ഥിതിയാണെങ്കിൽ മത്സരങ്ങൾ വെട്ടിക്കുറച്ചാണെങ്കിലും നടത്തുമെന്ന് ഗാംഗുലി വ്യക്തമാക്കി. എന്നാൽ എങ്ങനെ വെട്ടിക്കുറയ്ക്കും എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഗാംഗുലി തയ്യാറായില്ല. ഫ്രാഞ്ചൈസി ഉടമകളെ നിലവിലെ സ്ഥിതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഐ.പി.എൽ നീട്ടിവയ്ക്കാതെ മറ്രുവഴികൾ ഇല്ലെന്ന് അറിയിച്ചെന്നും ഗാംഗുലി പറഞ്ഞു. എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 15 മുതൽ അടച്ചിട്ട സ്റ്രേഡിയത്തിൽ ഐ.പി.എൽ നടത്താനാണ് ധാരണയായത്. യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായി രണ്ടോ മൂന്നോ സ്ഥലങ്ങളിൽ വച്ചായിരിക്കും മത്സരങ്ങൾ നടത്തുകയെന്നാണ് വിവരം.