മുംബയ്: കൊറോണ വൈറസ് പടരുന്നതിനാൽ കഴിഞ്ഞ ദിവസം ഐ.പി.എൽ, ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര എന്നിവ മാറ്രിവച്ചതിന് പിന്നാലെ നിലവിലെ ആഭ്യന്തര മത്സരങ്ങളും നിറുത്തി വയ്ക്കുകയാണെന്ന് ബി.സി.സി.ഐ അറിയിച്ചു. രഞ്ജി ചാമ്പ്യൻമാരായ സൗരാഷ്ട്രയും റെസ്റ്ര് ഒഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി ട്രോഫി, വിസ്സി ട്രോഫി, സീനിയർ വനിതാ ഏകദിന നോക്കൗട്ട് മത്സരങ്ങൾ എല്ലാം നിറുത്തി വയ്ക്കുകയാണെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. മത്സരങ്ങളുടെ പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.
ഫുട്ബാളും ഉരുളില്ല
ന്യൂഡൽഹി: കൊറോണ ഭീതിയെത്തുടർന്ന് ഐ ലീഗ് ഉൾപ്പെടെയുള്ള എല്ലാ ഫുട്ബാൾ മത്സരങ്ങളും മാർച്ച് 31വരെ നിറുത്തി വയ്ക്കുകയാണെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങലും ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും നേരത്തേ തന്നെ ഉപേക്ഷിച്ചിരുന്നു. ഇന്ന് നടക്കാനിരുന്ന ഗോകുലവും ഇന്ത്യൻ ആരോസും തമ്മിലുള്ള മത്സരവും മാറ്രിവച്ചവയിൽ പെടും. നേരത്തേ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരുന്നു തീരുമാനം.
യൂറോ കപ്പും മാറ്രിയേക്കും
ബേസൽ: കൊറോണ വ്യാപനത്തെത്തുടർന്ന് ജൂൺ - ജൂലായ് മാസങ്ങളിൽ നടക്കേണ്ട യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നീട്ടി വയ്ക്കാൻ യു.ഇ.എഫ്.എ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഒന്നും ആയിട്ടില്ല. നിലവിൽ യൂറോപ്പിലെ ഇംഗ്ലീഷ് പ്രിമിയർ ലീഗ്, ലാലിഗ, സിരി എ, ഫ്രഞ്ച് ലീഗ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ദേശീയ ഫുട്ബാൾ ലീഗുകളെല്ലാം നിറുത്തി വച്ചിരിക്കുകയാണ്.
ലോക്കി ഫെർഗൂസന് കൊറോണയില്ല
സിഡ്നി: തൊണ്ട വേദനയെ തുടർന്ന് ചികിത്സ തേടിയ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ലോക്കി ഫെർഗൂസന് കൊറോണയില്ലെന്ന് വ്യക്തമായി. അദ്ദേഹത്തിന്റെ ചികിത്സാഫലം നെഗറ്റീവ് ആയിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ആസ്ട്രേലിയ- ന്യൂസിലൻഡ് പരമ്പര ഉപേക്ഷിച്ചു
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഉപേക്ഷിച്ചു. ആദ്യമത്സരത്തിൽ ആസ്ട്രേലിയ ജയിച്ചിരുന്നു.