bill-gates-

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സോഫ്‌റ്ര്‌വെയർ കമ്പനിയായ മൈക്രോസോഫ്‌റ്രിൽ നിന്ന് ബിൽ ഗേറ്ര്‌സ് പടിയിറങ്ങുന്നു. 1975ൽ പിറന്ന മൈക്രോസോഫ്‌റ്രിന്റെ സഹസ്ഥാപകനാണ് ബിൽ ഗേറ്ര്‌സ്. കമ്പനിയുടെ ഡയറക്‌ടർ ബോർഡിൽ നിന്ന് രാജിവയ്ക്കുന്നതായി അദ്ദേഹം തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

കമ്പനിയുടെ ചെയർമാൻ സ്ഥാനം 2014 ഫെബ്രുവരിയിൽ ബിൽ ഗേറ്ര്‌സ് ഒഴിഞ്ഞിരുന്നു. ജോൺ തോംപ്‌സൺ ആ സ്ഥാനം ഏറ്റെടുത്തു. ഇന്ത്യൻ വംശജനായ സത്യ നദേലയാണ് സി.ഇ.ഒ. 2008 മുതൽ മൈക്രോസോഫ്‌റ്രിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ബിൽ ഗേറ്ര്‌സിന്റെ പങ്കാളിത്തമില്ലെന്ന് കമ്പനി വ്യക്തമാക്കി. 2000 വരെ അദ്ദേഹം കമ്പനിയുടെ സി.ഇ.ഒയായിരുന്നു. ആ വർഷമാണ് അദ്ദേഹവും പത്നി മെലിൻഡയും ചേർന്ന് ബിൽ ആൻഡ് മെലിൻഡ ഫൗണ്ടഷന് തുടക്കമിട്ടത്.

അന്നുമുതൽ ഗേറ്ര്‌സ് കൂടുതൽ ശ്രദ്ധ കൊടുത്തത്,​ സാമൂഹിക സേവനത്തിനാണ്. ഇതിന്റെ ചുവടുപിടിച്ചാണ് അദ്ദേഹം ചെയർമാൻ സ്ഥാനവും ഒഴിഞ്ഞത്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് ഡയറക്‌ടർ സ്ഥാനവും ഒഴിയുന്നതെന്ന് 64കാരനായ ഗേറ്ര്‌സ് സൂചിപ്പിച്ചു. ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഗേറ്ര്‌സ്,​ മറ്രൊരു ലോക കോടീശ്വരൻ വാറൻ ബഫറ്രിന്റെ ബെർക്‌ഷെയർ ഹാത്ത്‌വേ കമ്പനിയുടെ ഡയറക്‌ടറുമാണ്.

1975

ബിൽ ഗേറ്ര്‌സും സുഹൃത്ത് പോൾ അലനും ചേർന്ന് 1975ൽ മൈക്രോസോഫ്‌റ്ര് സ്ഥാപിച്ചു. ഇന്ന് ആഗോളതലത്തിൽ ബിസിനസ് സ്ഥാപനങ്ങളിലെയും വീടുകളിലെയും കമ്പ്യൂട്ടറുകളിലെ ഓപ്പറേറ്രിംഗ് സിസ്‌റ്റത്തിൽ മുന്തിയപങ്കും മൈക്രോസോഫ്‌റ്റിന്റേതാണ്.

$1.2 ലക്ഷം കോടി

കൊറോണ വില്ലനായെങ്കിലും ഇന്നും 1.2 ലക്ഷം കോടി ഡോളറിന്റെ മൂല്യമുള്ള കമ്പനിയാണ് മൈക്രോസോഫ്‌റ്ര്.

$11,000 കോടി

ലോകത്തെ രണ്ടാമത്തെ വലിയ ശതകോടീശ്വരനാണ് ബിൽ ഗേറ്റ്‌സ്. ആസ്‌തി 11,​000 കോടി ഡോളർ (ഏകദേശം 8.12 ലക്ഷം കോടി രൂപ)​.

1.36%

മൈക്രോസോഫ്‌റ്രിൽ 1.36 ശതമാനം ഓഹരി പങ്കാളിത്തമാണ് ഗേറ്റ്‌സിനുള്ളത്. ഏറ്രവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ള വ്യക്തിഗത നിക്ഷേപകനും ഗേറ്ര്‌സാണ്.