devanandha

കൊട്ടിയം: കൊല്ലം കൊട്ടിയത്തെ ഏഴ് വയസുകാരി ദേവനന്ദയുടെ മരണം സംഭവിച്ചത് വെള്ളത്തിൽ വീണുതന്നെയെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയുടെ മരണകാരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് കണ്ണനല്ലൂർ പൊലീസിന് കൈമാറിയത്. കുട്ടി വെള്ളത്തിലേക്ക് അബദ്ധത്തിൽ വീണ് മരിക്കുകയാണ് ഉണ്ടായതെന്നാണ് ഫോറൻസിക് വിദഗ്ദ്ധർ വ്യക്തമാക്കിയത്.

കുട്ടിയുടെ വയറ്റിൽ നിന്നും കണ്ടെടുത്ത ചളിയും വെള്ളവും മൃതദേഹം കണ്ടെടുത്ത ഭാഗത്തുനിന്നു തന്നെയുള്ളതാണെന്നും ഫോറൻസിക് വിദഗ്ദർ വ്യക്തമാക്കുന്നു. കുട്ടിയുടെ മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളിലും ശരീര സ്രവങ്ങളിലും നടത്തിയ പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.

ദേവാനന്ദയുടേത് മുങ്ങിമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും ഏതാനും നാട്ടുകാരും ആരോപിച്ചിരുന്നു. കുട്ടി ആറിന് സമീപത്ത് തനിച്ച് പോകാൻ സാദ്ധ്യതയില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. ഇവരുടെ സംശയം തീർക്കുന്നതിനായിട്ടായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്. കുട്ടിയുടെ മരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു.