ഫറ്രോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതി എടികെ പുതിയ ചാമ്പ്യൻമാർ. കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് കാണികളെ പ്രവേശിപ്പിക്കാതെ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് എ.ടി.കെയുടെ കിരീട ധാരണം. ഐ.എസ്.എൽ ചരിത്രത്തിൽ മൂന്ന് തവണ ചാമ്പ്യൻമാരാകുന്ന ആദ്യ ടീം എന്ന റെക്കാഡും എടികെ സ്വന്തമാക്കി. ഇരട്ടഗോളുമായി കളം നിറഞ്ഞ ഹാവിയർ ഫെർണാണ്ടസാണ് എ.ടി.കെയുടെ വിജയ ശില്പി. എഡൂ ഗാർഷ്യ ഒരു തവണ ചെന്നൈയിന്റെ വലകുലുക്കി. നെരീയൂസ് വാൽക്കിസാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.
ആളും ആരവവും ഇല്ലായിരുന്നെങ്കിലും അവസാന നിമിഷം വരെ ആവേശം നുരഞ്ഞ് പൊന്തിയ പ്രകടനമാണ് ഇരു ടീമും കാഴ്ചവച്ചത്.
മത്സരത്തിൽ പത്താം മിനിട്ടിൽത്തന്നെ ഹെർണാണ്ടസ് എ.ടി.കെയ്ക്ക് ലീഡ് സമ്മാനിച്ചു. റോയ് കൃഷ്ണയുടെ ക്രോസിൽ നിന്നായിരുന്നു ഹെർണാണ്ടസിന്റെ ഗോൾ പിറന്നത്. സീസണിൽ ഹെർണാണ്ടസിന്റെ ആദ്യ ഗോളായിരുന്നു ഇത്. 38-ാം മിനിറ്റിൽ പ്ലേമേക്കർ റോയ് കൃഷ്ണ പരിക്കേറ്റ് പുറത്തായത് എ.ടി.കെയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48-ാം മിനിട്ടിൽ എഡു ഗാർഷ്യ എ.ടി.കെയുടെ ലീഡ് രണ്ടായി ഉയർത്തി.
എന്നാൽ 69-ാം മിനിട്ടിൽ സൂപ്പർ സ്ട്രൈക്കർ വാൽക്കിസ് ഒരു ഗോൾ മടക്കിയത് ചെന്നൈക്ക് പ്രതീക്ഷ നൽകി. പക്ഷേ പതറാതെ പൊരുതിയ കൊൽക്കത്ത കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് ഹെർണാണ്ടസിലൂടെ വിജയമുറപ്പിച്ച ഗോൾ നേടി കിരീടം ഉയർത്തുകയായിരുന്നു.
ചെന്നൈയിൻ നേരത്തേ രണ്ട് തവണ ഐ.എസ്.എൽ ചാമ്പ്യൻമാരായിട്ടുണ്ട്.