കേരളക്കരയുടെ അശോകപൂർണിമയ്ക്ക്, മലയാളത്തനിമ നിറഞ്ഞൊഴുകുന്ന ഗ്രാമ്യചാരുതയുടെ ഭാവുകത്വത്തിന് എൺപത് സംവത്സരങ്ങൾ തികയുകയാണ്. ബഹുമുഖപ്രതിഭ എന്ന വിശേഷണത്തോടൊപ്പം മലയാളി എന്നും അഭിമാനത്തോടെ ചേർത്തുവയ്ക്കുന്നൊരു പേര്. ഗാനരചയിതാവ്, സംഗീതസംവിധായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ സിനിമാരംഗത്ത് കൈ തൊട്ട സകല മേഖലയും പൊന്നാക്കിയ കലാകാരൻ. പുറമേ കവി, നോവലിസ്റ്റ് എന്ന നിലയിലെ പ്രശസ്തിയും. ശ്രീകുമാരൻ തമ്പിയെ നിർവചിക്കാൻ വാക്കുകൾ കുറച്ചധികം തന്നെ വേണം.
കവിയും തിരക്കഥാകൃത്തുമായാണ് ശ്രീകുമാരൻ തമ്പി സിനിമാസാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഗാനരചയിതാവായും. കാട്ടുമല്ലിക എന്ന സിനിമയ്ക്കായാണ് ആദ്യമായി ഗാനങ്ങളെഴുതുന്നത്. മൂവായിരത്തിലേറെ സിനിമാഗാനങ്ങൾക്ക് സ്രഷ്ടാവായി. മുപ്പത് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യ ചിത്രമായ ചന്ദ്രകാന്തം മുതൽ ഓരോ സിനിമയിലും ഒരു ഫിലിം മേക്കറുടെ തികഞ്ഞ കൈയടക്കമാണ് അദ്ദേഹം കാഴ്ച്ചവച്ചത്. വ്യക്തമായ രാഷ്ട്രീയമുള്ളതായിരുന്നു അവയിലേറെയും. 1976ൽ ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംവിധാനവും ചെയ്ത മോഹിനിയാട്ടം എന്ന സിനിമ ആദ്യകാല സ്ത്രീപക്ഷ രാഷ്ട്രീയ സിനിമ എന്നു കണക്കാക്കപ്പെടുന്നു. എഴുപത്തിയെട്ട് സിനിമകൾക്കുവേണ്ടി അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. രണ്ട് നോവലുകളും നാലു കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. എന്നാൽ മലയാളിയുടെ നിത്യജീവിതത്തിൽ ശ്രീകുമാരൻ തമ്പി ഇന്നും കടന്നുവരുന്നത് ഗാനരചയിതാവ് എന്ന നിലയ്ക്കു തന്നെയാണ്.
എത്രയെത്ര തലമുറകൾ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിലൂടെ പ്രണയത്തിന്റെ മധുരവും ഉപ്പും അറിഞ്ഞു. വിരഹത്തിന്റെ സുഖമറിഞ്ഞു..! അറുപതുകളുടെ അവസാനം, പ്രണയികൾ പങ്കുവച്ചത് 'തങ്കച്ചിപ്പിയിൽ, നിന്റെ തേനലർച്ചുണ്ടിൽ, ഒരു സംഗീതബിന്ദുവായി ഞാൻ ഉണർന്നുവെങ്കിൽ…" എന്ന മധുരപ്രതീക്ഷയായിരുന്നു. എഴുപതുകളിലാണ് ചന്ദ്രബിംബം നെഞ്ചിലേറ്റിയ ഒരു പുള്ളിമാൻ കാമുകഹൃദയങ്ങളിലേക്ക് തുള്ളിവന്നതും, കാളിദാസകൽപ്പനയിലെന്നപോലെ, കണ്ണിലെ കരട് മാറ്റുവാൻ ഇണമാനിന്റെ കൊമ്പിനുമുന്നിലേക്ക് തലതാഴ്ത്തി ഇണക്കത്തോടെ നിന്നതും. എൺപതുകളിൽ, വിരഹികളായ യുവഹൃദയങ്ങളെ 'ഈറന്മുകിൽ മാലകളിൽ ഇന്ദ്രധനുസെന്നപോലെ" കണ്ണുനീരിൽ പുഞ്ചിരിക്കുന്ന പ്രണയിതാവിന്റെ ഓർമ്മകൾ സാന്ത്വനിപ്പിച്ചു. പിന്നെയുമെത്രയെത്ര തലമുറകൾ പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചതും, അകലെയകലെ നീലാകാശവും, മൗനം പോലും മധുരവുമെല്ലാം നെഞ്ചിലേറ്റി നടന്നു. ഇന്നും, റിയാലിറ്റി ഷോ ഫ്ളോറുകൾ മുതൽ യാത്രയിൽ കേൾക്കുന്ന റേഡിയോപ്പാട്ട് വരെയായി എവിടെയെങ്കിലും വച്ച് ദിവസത്തിൽ ഒരുതവണയെങ്കിലും മലയാളി ശ്രീകുമാരൻ തമ്പിയുടെ തൂലികയിൽ ഉയിർകൊണ്ട ഗാനങ്ങളെ അറിയുന്നുണ്ട്.
ആത്മീയ ജീവിതദർശനങ്ങൾ ഏറെയുള്ളതാണ് അദ്ദേഹത്തിന്റെ ഗാനശേഖരം. 'സുഖം ഒരുനാൾവരും വിരുന്നുകാരൻ, ദുഃഖമോ പിരിയാത്ത സ്വന്തക്കാരൻ" എന്ന ലളിതമായ വരികളിൽ ഒരു തത്വചിന്തകനെ കാണാം. 'വിരഹത്തിൽ തളരുന്ന മനുഷ്യപുത്രർ വിധിയെന്ന ശിശുവിന്റെ പമ്പരങ്ങൾ" എന്നും, 'കാലമാം മാന്ത്രികൻ ഹോമത്തിനെഴുതിയ കരിമഷിക്കോലങ്ങൾ ഞങ്ങൾ"എന്നും മനുഷ്യനെക്കുറിച്ച് അദ്ദേഹം സങ്കൽപ്പിച്ചു. മുന്നോട്ടുമാത്രം സഞ്ചരിക്കുന്ന കാലത്തെയും, അതിലെവിടെയോ വച്ചു കൂട്ടുചേരുന്ന ജീവിതത്തെയും കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതിയതിങ്ങനെ : 'കാലമൊരജ്ഞാതകാമുകൻ; ജീവിതമോ പ്രിയകാമുകി. കനവുകൾ നൽകും, കണ്ണീരും നൽകും, വാരിപ്പുണരും, വലിച്ചെറിയും. കാലമൊരജ്ഞാതകാമുകൻ…"
ആത്മീയതയും ഹാസ്യവും ജീവിതദർശനങ്ങളുമെല്ലാം ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ നമുക്ക് കണ്ടെത്താമെങ്കിലും, പ്രണയമായിരുന്നു അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഭാവുകത. ഇത്രയേറെ പ്രണയം തുളുമ്പുന്ന വരികൾ മറ്റാർക്കും അവകാശപ്പെടാനാകുമോ എന്ന് സംശയമാണ്.
'ആരാരേ ആദ്യമുണർത്തി.. ആരാരുടെ നോവു പകർത്തി.. ആരാരുടെ ചിറകിലൊതുങ്ങി, അറിയില്ലല്ലോ..." എന്ന വരികൾ എവിടെതുടങ്ങി എവിടെ ഒടുങ്ങി എന്നറിയാത്തവിധം തമ്മിൽ ഇഴചേർന്ന പ്രണയത്തെ അനശ്വരമാക്കുന്നു. 'ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി..."എന്ന് തമ്പിക്കു മാത്രമേ എഴുതാനാവൂ. അത്രയേറെ പ്രണയാർദ്രമാണ് ആ സങ്കൽപ്പം. 'മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ.. പുറവേലിത്തടത്തിലേ പൊൻതാഴമ്പൂവുകൾ.. പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകൾ..." എന്നെഴുതുമ്പോൾ, ഒരുപക്ഷേ, 32 വർഷങ്ങൾക്കിപ്പുറവും, പുതുമ തരിമ്പും ചോരാതെ നിലനിൽക്കും ആ ഗാനവും ഗാനരംഗവുമെന്ന് അതിന്റെ സ്രഷ്ടാക്കൾ ഓർത്തിരിക്കുമോ ?
ശ്രീകുമാരൻ തമ്പിയുടെ ഏറ്റവും മനോഹരമായ പ്രണയഗാനങ്ങളിലൊന്ന് 'ഹൃദയസരസിലെ പ്രണയപുഷ്പം" ആണ്. അതുകൊണ്ടാവാം, അദ്ദേഹത്തിന്റെ ആയിരം ഗാനങ്ങളുടെ സമാഹാരത്തിനും ഹൃദയസരസ് എന്നു പേരിട്ടിരിക്കുക. പ്രണയിനിയുടെ കവിളുകളിലെ തുടുപ്പ് 'എത്രസന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമ"എന്നും, കണ്ണുകളിലെ കടലാഴത്തെ 'എത്ര സമുദ്രഹൃദന്തം ചാർത്തി ഇത്രയും നീലിമ" എന്നും ചോദിക്കാൻ ആഗ്രഹിക്കാത്ത പ്രണയിതാക്കളുണ്ടാവില്ല.
വിരഹമില്ലാതെ ഉപ്പില്ലാതെ പ്രണയത്തിന്റെ മധുരം അറിയുന്നതെങ്ങിനെ? വിരഹവും വേർപാടും വിപ്രലംഭവുമെല്ലാം ശ്രീകുമാരൻ തമ്പി അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ നമുക്ക് അനുഭവവേദ്യമാക്കുന്നുണ്ട്. 'സുന്ദരവാസന്ത മന്ദസമീരനായ് നിൻ ജാലകങ്ങളെ തൊട്ടുണർത്താം...", 'വെൺമേഘഹംസങ്ങൾ കൊണ്ടുവരേണമോ എൻ ദുഃഖസന്ദേശങ്ങൾ..." തുടങ്ങിയ വരികൾ സന്ദേശകാവ്യങ്ങളോടു കിടപിടിക്കും. 'ഏകാന്തസന്ധ്യകളിൽ നിന്നെയോർത്തു ഞാൻ കരഞ്ഞു..." എന്നു പാടുമ്പോൾ, ഏറ്റവും ലളിതസുന്ദരമായ വാക്കുകളിൽ സംവേദിക്കപ്പെടുന്നത് ഈ ലോകത്ത് പ്രണയമുണ്ടായിരുന്ന കാലത്തോളം തന്നെ പഴക്കമുള്ള ഒരു ഭാവമാണ്. 'മുഖംമൂടി അണിഞ്ഞിട്ടും മിഴിച്ചെപ്പിൻ മുത്തുകളെ മറയ്ക്കുവാൻ കഴിഞ്ഞില്ലല്ലോ..." എന്ന ദൈന്യത്തിലാണ് പ്രണയം അതിന്റെ തീവ്രത വെളിവാക്കുന്നത്.
ക്ഷേത്രങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട പ്രണയഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ ഏറെ ജനപ്രിയമായ സൃഷ്ടികളാണ്. 'ആറാട്ടിനാനകൾ എഴുന്നള്ളി" എന്ന ഗാനത്തിലെ 'ആയിരത്തിരി വിളക്കു കണ്ടു ഞാൻ..ആൽച്ചുവട്ടിൽ നിന്നെ നോക്കി നിന്നൂ ഞാൻ..അമ്പലപ്പുഴക്കാർതൻ നാദസ്വരലഹരീ അലമാല തീർത്തതു കേട്ടൂ ഞാൻ" എന്ന വരികൾ ഉത്സവപ്പറമ്പിലെ ഒരു നാടൻപ്രണയത്തിന്റെ കാഴ്ച്ചകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോവുക. ഓണത്തെക്കുറിച്ച് പുതിയ തലമുറ പോലും പാടിനടക്കുന്ന പാട്ടാണ് 'പൂവിളി പൂവിളി പൊന്നോണമായി.." എന്നത്. 'കണ്ണുകളാൽ അർച്ചന, മൗനങ്ങളാൽ കീർത്തനം.." എന്നു പാടുമ്പോൾ ഏതൊരാളും അറിയാതെ വടക്കുന്നാഥന്റെ നടയിലെത്തും. ആലപ്പുഴ ഹരിപ്പാട്ടുകാരനായ കവി തന്റെ പല ഗാനങ്ങളിലും ജന്മനാടിനെയും അവിടുത്തെ ഉത്സവത്തെയും ഉപയോഗിച്ചിട്ടുണ്ട്. ഇങ്ങടുത്ത് മണ്ണിൽ ഹരിപ്പാട്ടാറാട്ടിന് ആനക്കൊട്ടിലിൽ നിന്നെ കണ്ടതിനെക്കുറിച്ചും, അങ്ങ് ദൂരെ വിണ്ണിൽ സന്ധ്യതൻ അമ്പലത്തിൽ അമ്പിളിദേവിക്ക് താരകൾ ആരതിയായതിനെക്കുറിച്ചും ഒരുപോലെ മനോഹരസങ്കൽപ്പം രചിക്കുന്നതാണ് ശ്രീകുമാരൻ തമ്പിയുടെ കവിത്വം.
മലയാള സംഗീതത്തിന് മല്ലികപ്പൂവിന്റെ മധുരഗന്ധം നൽകിയ കവിക്ക് പിറന്നാൾ ആശംസകൾ. മലയാളിയുടെ ഹൃദയാകാശത്തിന് അരികെ ഇനിയും ഏറെനാൾ മലയാളക്കവിതയ്ക്ക് കൂട്ടായുണ്ടാവുക.
(ലേഖികയുടെ ഫോൺ: 8129473703)