1982 ലെ കേരള സർവകലാശാലാ യുവജനോത്സവം. കൊല്ലം എസ്.എൻ കോളേജിലെ മത്സരവേദിയിൽ കഥാപ്രസംഗ മത്സരത്തിൽ മാറ്റുരയ്ക്കാനെത്തിയ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ കൊലുന്ന് പയ്യൻ മുന്നിലിരിക്കുന്ന വിധി കർത്താക്കളെ കണ്ട് ഒന്ന് പകച്ചു. കഥാപ്രസംഗ കുലപതികളായ വി. സാംബശിവൻ, കൊല്ലം ബാബു, തേവർതോട്ടം സുകുമാരൻ എന്നിവരാണ് മുന്നിൽ. ജന്മനാടായ കല്ലുവാതുക്കൽ ചിറക്കരയിലെ ക്ഷേത്രോത്സവ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചതിന്റെ ധൈര്യത്തിൽ രണ്ടും കൽപ്പിച്ച് കഥാപ്രസംഗം അവതരിപ്പിച്ചു. മത്സരഫലം വന്നപ്പോൾ ഒന്നാം സമ്മാനം!
ഇന്ന് അതോർക്കുമ്പോൾ കേരളം അറിയുന്ന പ്രശസ്തനായ കാഥികൻ ചിറക്കര സലിംകുമാറിന് വിശ്വസിക്കാൻ പ്രയാസം. കഥാപ്രസംഗവേദിയിൽ 40 വർഷം പൂർത്തിയായ അദ്ദേഹത്തിന് ഓരോ വേദികളിൽ കയറുമ്പോഴും തന്റെ കലാസപര്യയ്ക്ക് പ്രചോദനവും ഊർജവും പകരുന്നത് ഗുരു തുല്യനായ വി.സാംബശിവന്റെ ഓർമ്മകളാണ്. 82 ലെ യുവജനോത്സവ വേദിയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സാംബശിവന്റെ അനുഗ്രഹ വാക്കുകൾ ഇങ്ങനെയായിരുന്നു. 'നല്ല കാഥികനാകും, നാടിന് അഭിമാനമാകും" പൊന്നായി മാറിയ ആ വാക്കുകളാണ് സലിംകുമാറിനെ ഇന്നും മുന്നോട്ട് നയിക്കുന്നത്. ശൈഥില്യം നേരിടുന്ന കഥാപ്രസംഗ കലയെ ഇന്ന് കേരളത്തിൽ സജീവമാക്കി നിറുത്തുന്നതും സലിംകുമാറടക്കം ഏതാനും ചിലരാണ്.
ദാരിദ്ര്യത്തിന്റെയും സാമ്പത്തിക പരാധീനതകളുടെയും കാലത്തു നിന്ന് നാലുപതിറ്റാണ്ട് പിന്നിടുമ്പോൾ സലിംകുമാറിന് അഭിമാനിക്കാൻ ഏറെയുണ്ട്. കേരളത്തിൽ കഥാകഥനത്തിൽ പേരുകേട്ട കലാകാരന്മാർക്കൊപ്പം തന്റെ പേരു കൂടി എഴുതിചേർക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം. 80 കളിലേ തുടങ്ങിയിരുന്നു വ്യത്യസ്ത കലയായ കഥാപ്രസംഗത്തിന് മങ്ങൽ. പലരും ഈ തിരിച്ചടിയിൽ അടിതെറ്റി വീണു. എന്നാൽ ഇന്നും വേദികളിൽ നിന്ന് വേദികളിലേക്ക് കഥാപ്രസംഗവുമായി സലിംകുമാർ നടന്നു കയറുമ്പോൾ ഈ കലയ്ക്ക് ഇനിയും ഭാവിയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ്. 40 വർഷത്തിനിടെ 5000 ഓളം വേദികൾ. മലയാള സാഹിത്യത്തിലും വിശ്വസാഹിത്യത്തിൽ നിന്നുമുള്ള 38 കഥകൾ ഇതിനകം അവതരിപ്പിച്ചു. ഏറെ കഥകളും ആസ്വാദകർ നെഞ്ചേറ്റി.
കഥാവേദികളിൽ സാംബശിവനെ അനുസ്മരിപ്പിക്കുന്നുവെന്ന് ആസ്വാദകർ പറയാറുണ്ട്. പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ ആഭിമുഖ്യത്തിൽ 1988 ൽ നടന്ന ചടങ്ങിൽ 'സനാറ്റ"എന്ന കഥ അവതരിപ്പിച്ചപ്പോഴാണ് ഇങ്ങനെയൊരു അഭിനന്ദനം ലഭിച്ചത്. പിന്നീട് സാംബശിവൻ പറഞ്ഞ് ജനപ്രിയമാക്കിയ ഒഥല്ലോ, അനീസിയ, അയിഷ, അന്നാകരേനിന, വിലയ്ക്ക് വാങ്ങാം തുടങ്ങിയ കഥകൾ അവതരിപ്പിച്ചു. പുതിയ കഥകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്നും അനീസിയ വേണമെന്നാവശ്യപ്പെടുന്നവർ ഏറെയുണ്ട്. 2016 ൽ ഗുരുദേവന്റെ 'നമുക്ക് ജാതിയില്ല" വിളംബരത്തെ അടിസ്ഥാനമാക്കിയുള്ള കഥ ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചു. സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ കഥാവതരണത്തിന് 50 ഓളം വേദികൾ ലഭിച്ചു. നവോത്ഥാന നായകരുടെ കഥകളും മിഴിവോടെ അവതരിപ്പിക്കാനായി. 'ചാൾസിന്റെ പ്രിയതമ"യാണ് പുതിയ കഥ.
കഥാപ്രസംഗത്തെ എഴുതിത്തള്ളിയെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ചിറക്കര സലിംകുമാറിന് ലഭിക്കുന്ന വേദികൾ. കഥാപ്രസംഗത്തിന് ഇപ്പോഴുമുണ്ട് ആസ്വാദകർ. സലിംകുമാർ പറയുന്നു. പഴയകാലത്തെപ്പോലെ പാതിരാത്രിക്കും വെളുപ്പാൻകാലത്തും ഉറക്കമൊഴിച്ചിരുന്ന കഥകേൾക്കാൻ ആസ്വാദകർക്ക് താത്പര്യമില്ല. അതിനാൽ നേരത്തെ പരിപാടി വച്ചാൽ കേൾക്കാനും ആളുണ്ടാകും. അദ്ദേഹം പറയുന്നു.
2009 ൽ കേരളസംഗീതനാടക അക്കാഡമിയുടെ അവാർഡടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വി. സാംബശിവന്റെ മേലൂട്ട് കുടുംബം ഏർപ്പെടുത്തിയ അവാർഡ് അദ്ദേഹത്തിന്റെ മാതാവ് ശാരദയിൽ നിന്ന് ഏറ്റുവാങ്ങാനായതാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കരുതുന്നത്. സർക്കാരിന്റെ കഥാപ്രസംഗ അക്കാഡമിയിൽ വിസിറ്രിംഗ് പ്രൊഫസറാണ്. ലതികയാണ് ഭാര്യ. ദീപ, ദിവ്യ എന്നിവർ മക്കൾ.