ആശ്വാസവാക്കുകളുമായി സഹോദരങ്ങളും അവരുടെ മക്കളുമെല്ലാം ഒപ്പമുണ്ട്. പക്ഷേ എത്രപേർ എത്രനേരം ആശ്വസിപ്പിച്ചാലും നെഞ്ചിലെ തീ കെടുന്നില്ല. രാമകൃഷ്ണന്റെ കാര്യം മാത്രമല്ല ഭാര്യ രാധികയുടെ സ്ഥിതിയും അതുതന്നെ. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചശേഷം ഏകമകൾ ഒരുവാക്കുപോലും പറയാതെ അങ്ങനെ ഇറങ്ങിപ്പോകുമെന്ന് ആരും സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. സ്വപ്ന പുഞ്ചിരിച്ചേ ആരോടും സംസാരിക്കൂ. ഡിഗ്രി കഴിഞ്ഞു. ബാങ്ക് കോച്ചിംഗിനുപോകുമ്പോഴും ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ഒരു കിലോ സ്വർണം, ഒരേക്കർ ഭൂമി, ഒരു ആഡംബരകാർ. നല്ല പയ്യൻ ആലോചിച്ചുവന്നാൽ ഇതൊക്കെ കൊടുക്കും. സാമാന്യം വിദ്യാഭ്യാസം. ഭേദപ്പെട്ട ജോലി. നല്ല സ്വഭാവം. ഇത്രയും മതി പയ്യന്. അച്ഛൻ ഇതൊക്കെ ഇടയ്ക്കിടെ പറയുമ്പോഴും സ്വപ്ന മൗനം ഭജിക്കും. അതുകൊണ്ടുതന്നെ മറിച്ചൊന്നും രക്ഷിതാക്കൾ സംശയിച്ചിരുന്നുമില്ല.
സ്വന്തം വീട്ടിനു മുകളിൽ മിന്നലേറ്റപോലെയായിരുന്നു മകളെ രാത്രി മുതൽ കാണാനില്ലെന്ന് വിവരം രാമകൃഷ്ണൻ അറിഞ്ഞത്. ഉറ്റ ബന്ധുക്കളുമായി ആലോചിച്ചശേഷമാണ് പൊലീസിൽ പരാതി നൽകിയത്. സ്ഥലം എസ്.ഐ രാമകൃഷ്ണന്റെ അടുത്ത സുഹൃത്തിന്റെ മകൻ. പൊലീസ് ഊർജിതമായി അന്വേഷിച്ചു. എസ്.ഐ ഇടറിയ സ്വരത്തിലാണ് അന്വേഷണ വിവരം അറിയിച്ചത്. നല്ലൊരു ബന്ധമായിരുന്നെങ്കിൽ സാരമില്ലായിരുന്നു. നഗരത്തിലെ ഒരു ചേരി പ്രദേശത്തെ യുവാവ്. എല്ലാ തരികിടകളും കൈയിലുണ്ട്. എന്തുവന്നാലും അവർ പെൺകുട്ടിയെ വിട്ടുതരില്ല. പിടിച്ചത് ഒരു പുളിങ്കൊമ്പിലാണെന്നാണ് ചേരിയിലെ സംസാരം തന്നെ. എന്തായാലും കോടതിയിൽ വരട്ടെ. അപ്പോൾ കല്ലും നെല്ലും തിരിയുമല്ലോ. എസ്.ഐയുടെ ഭാഷ്യം അങ്ങനെയായിരുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ കേസ് കോടതിയിലെത്തി. എന്തുവന്നാലും സ്വപ്ന തിരിച്ചുവരില്ല. അവൾ വല്ലാത്ത തടവറിയിലായിപ്പോയില്ലേ. എന്തിന് പോകണം. എന്തിന് അവിടെ ചെന്ന് നാണം കെടണം എന്നായിരുന്നു രാമകൃഷ്ണന്റെ നിലപാട്. ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ചതുകൊണ്ടാണ് ദൈവത്തെയും പ്രാർത്ഥിച്ച് രാമകൃഷ്ണനും ഭാര്യയും കോടതിയിലെത്തിയത്. പ്രായപൂർത്തിയായതിനാൽ ഇഷ്ടമുള്ളവർക്കൊപ്പം പോകാമെന്ന് കോടതി. എനിക്കെന്റെ മാതാപിതാക്കൾ മതി എന്ന സ്വപ്നയുടെ വാക്കുകൾകേട്ട് രാമകൃഷ്ണനും ഭാര്യയും അതിശയിച്ചു. ദൈവത്തെ സ്തുതിച്ചു. നഷ്ടപ്പെട്ട ആകെയുള്ള സമ്പാദ്യം തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു അവർ. കാറിൽ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴും മകൾക്ക് ഗദ്ഗദം കൊണ്ടും കണ്ണീര് കൊണ്ടും ഒന്നും സംസാരിക്കാനായില്ല.''സാരമില്ല ഒരു മാരകരോഗം വന്ന് ഭേദമായെന്ന് കരുതിയാൽ മതി."" അമ്മയുടെ ആ വാക്കുകൾ മകളെ ശരിക്കും ആശ്വസിപ്പിക്കുന്നതായിരുന്നു. അതോടെ ദൈർഘ്യമേറിയ ഇരുണ്ട രാത്രികൾക്കുശേഷം തെളിഞ്ഞ ചന്ദ്രക്കലപോലെ അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
ഞാൻ ശരിക്കും അച്ഛനമ്മമാരുടെ കരളിൽ പന്തം കൊണ്ട് പൊള്ളിച്ചു. എന്നിട്ടും അതെല്ലാം മറന്ന് നിങ്ങളെന്നെ കാത്ത് കോടിതിയിലെത്തിയല്ലോ. ഇതിനു തുല്യമായ സ്നേഹം മറ്റാരിൽ നിന്ന് കിട്ടും? മകളുടെ വാക്കുകൾ ഇടയ്ക്കിടെ ഇടറുകയും നിലയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനിടെ ചിതറിയ വാക്കുകൾ രാമകൃഷ്ണൻ ചേർത്തുവായിച്ചു.
കാമുകന്റെ പ്രണയകാപട്യം ആദ്യരാത്രിതന്നെ തിരിച്ചറിഞ്ഞു. അയാളുടെ രണ്ടേരണ്ടു വാക്യങ്ങളിലൂടെ. ''വിലകൂടിയ മദ്യങ്ങൾ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. ഛർദ്ദിച്ചിട്ടുണ്ട്. എല്ലാ ഗ്രേഡിലും പെട്ട സ്ത്രീകളെ അറിഞ്ഞിട്ടുണ്ട്. പക്ഷേ കാശ് മതി വന്നിട്ടില്ല. ആ ആസക്തി കൂടിക്കൂടി വരുന്നു." കാറിൽ നിന്നിറങ്ങി മാതാപിതാക്കളുടെ കാൽക്കൽ വണങ്ങിയശേഷം വലതുകാൽ വച്ച് പുതിയ വീട്ടിലേക്കെന്നപോലെ സ്വപ്ന സ്വന്തം ഗൃഹത്തിലേക്ക് കയറുമ്പോൾ രാമകൃഷ്ണനും ഭാര്യയും പരസ്പരം കണ്ണുനീർ തുടയ്ക്കുകയായിരുന്നു.
(ഫോൺ : 9946108220)