പഞ്ചവാദ്യം, തായമ്പക, കഥകളിമേളം തുടങ്ങിയ ക്ഷേത്രകലകൾ വരേണ്യവിഭാഗക്കാർക്കിടയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. നാട്ടുമ്പുറത്തെ ഒരു സാധാരണ ചെണ്ടക്കാരനായിരുന്ന എന്റെ അച്ഛൻ കണ്ടല്ലൂർ പപ്പുവാശാന് പഞ്ചവാദ്യവും തായമ്പകയും കഥകളിമേളവുമൊക്കെ പഠിക്കണമെന്ന് അതിയായ മോഹം തോന്നി. പക്ഷേ, അന്നത്തെ സാമൂഹ്യസാഹചര്യത്തിൽ അത് സാദ്ധ്യമാകുമായിരുന്നില്ല. സ്വയം കണ്ടും കേട്ടും പഠിക്കാൻ ശ്രമിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
അദ്ദേഹം ഒട്ടും നിരാശനായില്ല. വിദൂരസ്ഥലങ്ങളിൽ നിന്നും ഗുരുക്കന്മാരെ അദ്ദേഹം വീട്ടിൽ വരുത്തി താമസിപ്പിച്ച് തന്റെ മക്കളെ സംസ്കൃതവും വാദ്യമേളങ്ങളും പഠിപ്പിച്ചു. മക്കൾക്ക് തന്റെ ഗതി വരരുതെന്ന വാശിയായിരുന്നു അദ്ദേഹത്തിന്. വസ്തു വകകൾ ഓരോന്നായി എഴുതി വിറ്റാണ് ഗുരുക്കന്മാർക്ക് പ്രതിഫലം കൊടുത്തത്. ഞങ്ങളുടെ പഠനം പുരോഗമിച്ചതോടെ അച്ഛൻ വലിയ കടക്കെണിയിലാകുകയും ചെയ്തു."" കഥകളിയുടെ തെക്കൻ സമ്പ്രദായത്തിലെ ഏറ്റവും തലമുതിർന്ന ചെണ്ടമേളക്കാരൻ കണ്ടല്ലൂർ സദാശിവനാശാൻ പോയ കാലത്തിന്റെ ഓർമകൾ പറയുകയാണ്.
ദക്ഷിണകേരളത്തിലെ അരങ്ങുകളെ തന്റെ ചെണ്ടവാദനാവൈഭവം കൊണ്ട് അവിസ്മരണീയമാക്കിയ ആശാൻ നവതിയുടെ നിറവിലെത്തി നിൽക്കുമ്പോഴും താളമേളങ്ങൾ ജീവതാളം പോലെ ഒപ്പം തന്നെയുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് ശിഷ്യന്മാരും നാട്ടുകാരും ബന്ധുജനങ്ങളും കലാകാരന്മാരും ആസ്വാദകരും കൂടിച്ചേർന്ന് വിവിധ ചടങ്ങുകളോടെ ആശാന്റെ നവതി ആഘോഷിക്കുകയുണ്ടായി. ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിയത്തിൽ കേളികൊട്ട്, കഥകളിപ്പദക്കച്ചേരി, കഥകളി ഡെമോൺസ്ട്രേഷൻ, തായമ്പക, മേജർസെറ്റ് കഥകളി എന്നിവയുടെ അകമ്പടിയോടെ നടന്ന പരിപാടികൾ ആ നാടിന്റെ ആഘോഷമായി മാറി.
ചെണ്ടക്കാരുടെ എണ്ണം കൊണ്ട് സമ്പന്നമായ കുടുംബമാണ് കണ്ടല്ലൂർ പനയ്ക്ക് വടക്കതിൽ സദാശിവനാശാന്റേത്. അച്ഛനെപ്പോലെ അപ്പൂപ്പൻ അനന്തനും അറിയപ്പെടുന്ന ഒരു ചെണ്ടവിദ്വാനായിരുന്നു. മക്കളായ ഷൈലജനും ഡോ. ഉണ്ണിക്കൃഷ്ണനും ഈ രംഗത്ത് പ്രശസ്തരാണ്. ഉണ്ണിക്കൃഷ്ണന്റെ മകളായ മീരാ കൃഷ്ണൻ അടക്കമുള്ള ആശാന്റെ ചെറുമക്കൾ ചെണ്ടയുടെ ലോകത്ത് മികവു തെളിയിച്ചു കഴിഞ്ഞു. ആശാന്റെ നവതി ആഘോഷവേളയിൽ,ഡോ. ഉണ്ണിക്കൃഷ്ണൻ രചിച്ച 'ചെണ്ട വാദ്യവും മലയാള ലിപിയും" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം നടക്കുകയുണ്ടായി.
പ്രശസ്ത സിനിമാ നടൻ ജഗന്നാഥവർമ്മ തന്റെ എഴുപത്തിരണ്ടാം വയസിൽ തായമ്പക പഠിക്കാനെത്തിയത് സദാശിവനാശാന്റേയും മകൻ ഉണ്ണിക്കൃഷ്ണന്റേയും പ്രയാറ്റുള്ള കുടുംബ വീട്ടിലാണ്. ഗുരുകുല വിദ്യാഭ്യാസരീതിയിൽ ഗുരുക്കന്മാർക്കൊപ്പം അവിടെ താമസിച്ചാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. പിന്നീട് പഞ്ചാരി പഠിക്കണമെന്ന ആഗ്രഹവുമായി അദ്ദേഹം വീണ്ടും വന്നെങ്കിലും പൂർത്തീകരിക്കാനായില്ല. മരുത്വാമല വിശ്വശാന്തി യജ്ഞത്തോടനുബന്ധിച്ച് ജഗന്നാഥവർമ്മയും ഉണ്ണിക്കൃഷ്ണനും മീരാ കൃഷ്ണനുംചേർന്ന് അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക ഇന്നും ആസ്വാദകരുടെ ഓർമ്മയിലുണ്ട്. അദ്ദേഹം അവതരിപ്പിച്ച അവസാന പരിപാടിയും അതായിരുന്നു.
അന്നത്തെ പരിപാടിക്കുശേഷം തന്റെ ചെണ്ട ഗുരുക്കന്മാരെ ഏൽപ്പിച്ചശേഷമാണ് അദ്ദേഹം യാത്രയായത്. സുദീർഘവും സംഭവബഹുലവുമായ തന്റെ കലാജീവിതത്തിന്റെ വജ്രജൂബിലി പിന്നിട്ട സദാശിവനാശാൻ വർക്കല ജനാർദ്ദനവിലാസം കഥകളിയോഗത്തിലൂടെയാണ് കലാരംഗത്ത് ശ്രദ്ധേയനാകുന്നത്. നാലു പതിറ്റാണ്ടുകാലം അവരൊടൊപ്പം സഹകരിച്ചു പ്രവർത്തിച്ചു. ഇപ്പോൾ കഥകളിവേദികളിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളു എങ്കിലും നീണ്ട ഏഴരപ്പതിറ്റാണ്ടുകാലം കലാരംഗത്ത് അനിഷേധ്യസാന്നിഗദ്ധ്യനായിരുന്ന സദാശിവനാശാൻ, തായമ്പക, പഞ്ചാരി അരങ്ങുകളിൽ ഇന്നും സജീവമാണ്.
1968 മുതൽ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. പല പ്രായത്തിലുള്ള അൻപതിൽ പരം ശിഷ്യന്മാർ സ്ഥിരമായി ഇന്നും ആശാന്റെ ചെണ്ടക്കളരിയിലെത്തുന്നു. ആശാൻ വീട്ടിൽ നിർമ്മിക്കുന്ന സ്വരശുദ്ധിയുള്ള ചെണ്ടകൾക്ക് ആവശ്യക്കാർ ഏറെയാണ്. മൂന്നു വർഷം മുൻപ് ശിഷ്യന്മാരും, നാട്ടുകാരും, ബന്ധുജനങ്ങളും ചേർന്ന് സംഘടിപ്പിച്ച ആശാന്റെ ശതാബ്ദി ആഘോഷച്ചടങ്ങുകളിലെ പ്രധാന ഇനം അദ്ദേഹത്തിന്റെനേതൃത്വത്തിൽ അരങ്ങേറിയ തായമ്പകയായിരുന്നു. പ്രായത്തിന്റെ വെല്ലുവിളികൾ മറന്നുകൊണ്ട് ഒരു മണിക്കൂർ നിർത്താതെ ചെ ണ്ടകൊട്ടി ആശാൻ മാലോകരെ ഹരംകൊള്ളിച്ചു.
ചെണ്ടയുടെ ബാലപാഠങ്ങൾ പിതാവിൽനിന്നും വശമാക്കിയ അദ്ദേഹം നിരന്തര സാധനയിലൂടെയും നിശിതമായ ശിക്ഷണത്തിലൂടെയുമാണ് ഈ രംഗത്ത് തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. കലാമണ്ഡലം കൃഷ്ണൻ നായർ, രാമൻകുട്ടി നായർ, വാഴാങ്കട കുഞ്ചുനായർ,ഗോപിയാശാൻ, തെക്കൻ ചിട്ടക്കാരായ ഗുരു ചെങ്ങന്നൂർ, മാങ്കുളം വിഷ്ണു നമ്പൂതിരി , ഹരിപ്പാട് രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, മടവൂർ വാസുദേവനാശാൻ തുടങ്ങിയ പ്രഗത്ഭമതികളോടൊപ്പം ആശാൻ പങ്കിട്ടവേദികൾക്ക് കണക്കില്ല. ആ ഭാഗ്യം സിദ്ധിച്ച പലരും ഇന്നു ജീവിച്ചിരിപ്പില്ല.""
''ഒരു വർഷം നൂറ്റി അൻപതുവേദികൾ എന്ന ക്രമത്തിൽ കഥകളി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഒരിക്കൽ ഒറ്റ ദിവസത്തെ കഥകളിക്കുപോയി അൻപതു പരിപാടികൾക്കുശേഷമാണ് നാട്ടിൽ മടങ്ങി എത്തിയത്. അന്നൊക്കെ കഥകളി ഉണ്ടെന്നറിഞ്ഞാൽ ആബാല വൃദ്ധം ജനങ്ങളും അവിടേക്ക് ഒഴുകിയെത്തുമായിരുന്നു. പക്ഷേ, ആ പഴയ ആസക്തി ഇന്നു കാണാനില്ല. ആർക്കും സമയമില്ല. ഇരുന്നുകാണാൻ ആളില്ല. അങ്ങകലെയുള്ള സിംഗപ്പൂരിൽപോലും നിറഞ്ഞ സദസുകളിൽ മുപ്പതോളം കളി അക്കാലത്ത് അവതരിപ്പിച്ചിട്ടുണ്ട്.""
കഥകളിക്ക് ഏറെ ആസ്വാദകരുണ്ടായിരുന്ന കാലത്ത് കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ അവതരിപ്പിക്കപ്പെട്ട കീചകവധം, ബഗവധം, ദുര്യോധനവധം, നളചരിതം, കിർമ്മീരവധം തുടങ്ങി എത്രയോ കഥകൾക്ക് ചെണ്ടയിൽ നവരസങ്ങൾ തീർത്തത് കണ്ടല്ലൂരാശാനാണ്.
''സംഗീതത്തിനും നടന്മാരുടെ അഭിനയത്തിനും കോട്ടം വരാത്ത രീതിയിൽ ചെണ്ട വായിക്കണം. അരങ്ങിന് ജീവൻ കൊടുക്കുന്നത്മേളക്കാരനാണ്.ആശയവും സന്ദർഭവും മനസിലാക്കി പ്രവർത്തിച്ചെങ്കിൽ മാത്രമേ നല്ല കഥകളിമേളക്കാരനാകാൻ പറ്റൂ. അക്കാലത്ത്, ചെണ്ട വായിക്കാൻ ഒരാളേ ഉണ്ടാകാറുള്ളു. വൈകിട്ട് തുടങ്ങിയാൽ കളി തീരും വരെ അയാൾ തന്നെ കൊട്ടണം. കളി തീരുമ്പോൾ നേരവും വെളുക്കും. ഇന്ന് അങ്ങനെയല്ല. രണ്ടു മൂന്നുപേർ കൊട്ടാനുണ്ടാകും. പത്തരയാകുമ്പോഴേക്കും കളി തീരുകയും ചെയ്യും. കലാമണ്ഡലം കൃഷ്ണൻകുട്ടിപൊതുവാൾ, ചന്ദ്രമന്നാഡിയാർ,കോട്ടക്കൽ കുട്ടൻ മാരാർ, കലാമണ്ഡലംകേശവനാശാൻ തുടങ്ങിയ കഥകളി രംഗത്തെ അതികായർക്കൊപ്പംവേദി പങ്കിടാനായത് മുജ്ജന്മസുകൃതമായാണ് ഞാൻ കണക്കാക്കുന്നത്.""ആശാൻ പറയുന്നു.
മാമ്പ്രയിൽ കുട്ടപ്പണിക്കർ, തൃക്കുന്നപ്പുഴ അക്കരക്കാട്ടിൽ കേശവപ്പണിക്കരാശാൻ, വൈക്കം കടുത്തുരുത്തി കുഞ്ഞൻ പണിക്കരാശാൻ തുടങ്ങി അക്കാലത്തെ പ്രശസ്തരും പ്രഗത്ഭരുമായ ആചാര്യന്മാരിൽ നിന്നുമാണ് സദാശിവനാശാൻ കഥകളിച്ചെണ്ടയും തായമ്പകയും അഭ്യസിച്ചത്. ഇറവങ്കര ഗോവിന്ദപ്പണിക്കരാശാനിൽ നിന്നായിരുന്നു ഉപരിപഠനം. ''വളരെ നിഷ്ഠയോടുകൂടിയ പഠനക്രമം പ്രധാനമാണ്. വെളുപ്പിന് മൂന്നുമണിക്ക് ഉറക്കമുണർന്നാൽ ആറുമണി വരെ സാധകം.പിന്നെ രണ്ടു മണിക്കൂർ ക്ലാസ്. ഉച്ചയ്ക്കുശേഷം വൈകുവോളം പഠനം തുടരും. വിശ്രമമില്ല. ഇന്ന് എല്ലാവർക്കും ഒന്നു തൊട്ടറിയണമെന്നേ ഉള്ളൂ. അപ്പപ്പോഴുള്ള ഒരു തരം ആവേശം. മനസും ശരീരവും സമന്വയിക്കുന്ന ദൈവീകമായ ഒരു സർഗപ്രക്രിയയാണ് ചെണ്ടവാദനം. മനസിനും ശരീരത്തിനും ഒന്നാംതരം വ്യായാമം കൂടിയാണിത്. ഇന്നേവരെ ഞാൻ മറ്റു വ്യായാമങ്ങളൊന്നും ചെയ്തിട്ടില്ല. അതിന്റെ ആവശ്യമില്ല.""
താളമഹോത്സവം 2015നോടനുബന്ധിച്ച് വൈലോപ്പള്ളി സംസ്കൃതി ഭവന്റെ പ്രശസ്തിപത്രം, നെടുമ്പാശേരി കലാദർപ്പണത്തിന്റെ കലാരത്നം അവാർഡ്, 2015ലെ കലാമണ്ഡലം പുരസ്കാരം, വാരണാസി മാധവൻ നമ്പൂതിരി സ്മാരക അവാർഡ് തുടങ്ങിയ ധാരാളം അവാർഡുകൾ സദാശിവനാശാന് ലഭിച്ചിച്ചിട്ടുണ്ട്. ആർക്കന്നൂർ നെടുമൺ മഠം ശ്രീ നീലകണ്ഠൻ പണ്ടാരത്തിൽ സ്മാരകം, വർക്കല കഥകളി ക്ലബ്ബ്, ഉളുന്തി വാദ്യകലാക്ഷേത്രം, ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരകം എന്നിവരുടെ ബഹുമതികളും ലഭിച്ചു. എന്നാൽ, അവാർഡിന്റേയും അംഗീകാരത്തിന്റേയും പിന്നാലെപോകാൻ ആശാന് ഒട്ടും താത്പര്യമില്ല. ശിഷ്യഗണങ്ങളും തന്റെ നാട്ടുകാരും പകർന്നു നൽകുന്ന സ്നേഹാദരങ്ങൾക്കുള്ളത്ര മൂല്യം മറ്റൊന്നിനും ഇല്ല എന്നതു തന്നെ കാരണം.
(ലേഖകന്റെ ഫോൺ
: 9446117792)