വേഷം ഏതായാലും അത് പരമാവധി മികച്ചതാക്കുക, നടൻ സൈജു കുറുപ്പിന്റെ നയമതാണ്. നായകനായും തമാശക്കാരനായും വില്ലനായും സൈജു തിളങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഓരോ സിനിമയിലും തന്നിലെ നടനെ കൂടുതൽ കൂടുതൽ മിനുക്കിയെടുക്കുന്ന പ്രിയ താരത്തിന്റെ വിശേഷങ്ങൾ...
''ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിയുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റമാണ് ഇപ്പോൾ കാണുന്നത്. ആദ്യകാലങ്ങളിൽ ആക് ഷൻ പറയുമ്പോൾ വല്ലാത്ത പേടിയായിരുന്നു. ഇപ്പോൾ അത്തരം ഭയങ്ങളൊന്നുമില്ല. എന്റെ മലയാള ഉച്ചാരണത്തിന് ആദ്യ സിനിമകളിൽ പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം ഏറക്കുറെ പരിഹരിച്ചു. ട്രിവാൻഡ്രം ലോഡ്ജിലാണ് ഞാൻ ആദ്യമായി ഒരു കോമഡി കഥാപാത്രം ചെയ്യുന്നത്. അതിനുശേഷം കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ വലിയ ആത്മവിശ്വാസം കൈവന്നു. ""
വിശ്വാസമാണ് എല്ലാം
നായകനായി അഭിനയിക്കുന്ന താരത്തെ വിശ്വസിച്ചാണ് അമ്പത് ശതമാനം സിനിമകളും ഞാൻ തിരഞ്ഞെടുക്കുന്നത്. തിരക്കഥ പൂർണമായി വല്ലപ്പോഴും മാത്രമേ കേൾക്കാറുള്ളു. പുതുമുഖങ്ങളാണ് നായകന്മാരായി അഭിനയിക്കുന്നതെങ്കിൽ സംവിധായകനോട് തിരക്കഥ കേൾക്കണമെന്ന് പറയും. കാരണം ഒരു പുതുമുഖ നായകന് എപ്പോഴും കഥ സെലക്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ആവർത്തന വിരസമായ കഥാപാത്രങ്ങൾ വരാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്റെ കൈയിൽ ചില നമ്പരുകളുണ്ട്. അത് വച്ച് മാറ്റി ഓരോ കഥാപാത്രത്തെയും അഡ്ജസ്റ്റ് ചെയ്യുന്നുവെന്ന് പറയാം. പിന്നെ, പുതുമുഖങ്ങളാണെന്ന് പറഞ്ഞ് പ്രേക്ഷകർ സിനിമ കാണാതെ പോകുന്ന അവസ്ഥ ഇന്നില്ല. പെർഫോമൻസ് നല്ലതാണെങ്കിൽ ഒരു നടന് ഓട്ടോമാറ്റിക്കായി അവസരങ്ങൾ ലഭിക്കും. നന്നായി പെർഫോം ചെയ്താൽ ആരുടെ പിന്നാലെയും അവസരം ചോദിച്ചു പോകേണ്ട കാര്യമില്ല.
അങ്ങനെ കൊമേഡിയനായി
കോമഡി വേഷങ്ങളാണ് കൂടുതലായി തേടിയെത്തുന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് ട്രിവാൻഡ്രം ലോഡ്ജിലെ വേഷം എനിക്ക് ലഭിച്ചത്. കോമഡി ഇമേജ് ഇല്ലാത്ത ഒരാളായിരിക്കണം ആ കഥാപാത്രം ചെയ്യേണ്ടതെന്ന് വി.കെ. പ്രകാശും അനൂപ് മേനോനും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. സ്ത്രീലമ്പടനായ ഒരു മാദ്ധ്യമപ്രവർത്തകന്റെ വേഷമാണെന്ന് വി.കെ.പി വിളിച്ചു പറഞ്ഞപ്പോൾ ബെഡ്റൂം സീൻ കാണുമോയെന്ന് ഭയന്നിരുന്നു. ഈ കഥാപാത്രം നിനക്കൊരു ബ്രേക്ക് ആയിരിക്കുമെന്നാണ് വി.കെ.പി അന്ന് എന്നോട് പറഞ്ഞത്. വി.കെ .പി അല്ലാതെ ആര് ആ സിനിമ ചെയ്താലും ചിലപ്പോൾ എന്റെ കഥാപാത്രം ഇത്രയും നന്നാവുമായിരുന്നില്ല.
ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ എന്റെ ഡയലോഗ് കേട്ട് യൂണിറ്റിൽ ഉള്ളവരൊക്കെ ചിരിക്കാൻ തുടങ്ങി. അപ്പോൾ സംഭവം ചെറുതായി ഏൽക്കുന്നുണ്ടെന്ന് മനസിലായി. ആ കഥാപാത്രം ആര് ചെയ്താലും നന്നാവുമായിരുന്നു. ഞാൻ ചെയ്തിട്ടുള്ള എല്ലാ കോമഡി സ്വഭാവമുള്ള കഥാപാത്രങ്ങളിലും ഞാനായിട്ട് പ്രത്യേകിച്ച് കോമഡിയൊന്നും ചെയ്തിട്ടില്ല. തിരക്കഥയിൽ എഴുതി വച്ചിരിക്കുന്നത് മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരു കോമഡി പറഞ്ഞു എനിക്ക് ഒരിക്കലും പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയില്ല. സിറ്റുവേഷൻ കോമഡികൾ മാത്രമാണ് എനിക്ക് ചെയ്യാൻ കഴിയുന്നത്.
ഗുരുനാഥൻ ഹരിഹരൻ
അദ്ദേഹത്തെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലുമില്ല. വാട്സ് ആപ്പ് വഴി എല്ലാദിവസവും ഞങ്ങൾ തമ്മിൽ എന്തെങ്കിലുമൊക്കെ സംസാരിക്കാറുണ്ട്. അദ്ദേഹത്തെപ്പോലെ മഹാനായ സംവിധായകന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ആദ്യ സിനിമ പരാജയപ്പെട്ടിട്ടും എനിക്ക് ലഭിച്ച മൈലേജിനു കാരണം ഹരിഹരൻ എന്ന സംവിധായകന്റെ സിനിമയിൽ അഭിനയിച്ചതുകൊണ്ടു മാത്രമാണ്. അദ്ദേഹം പകർന്നു നൽകിയ അഭിനയത്തിന്റെ ബാലപാഠങ്ങൾ തന്നെയാണ് ഇന്നും ഞാൻ പിന്തുടരുന്നത്.
സംവിധാന മോഹം
സിനിമയിൽ വേണ്ടത്ര അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ സംവിധാനം ചെയ്താലോയെന്ന് ആലോചിച്ചിട്ടുണ്ട്. അന്നത്തെ പ്രായത്തിന്റെ പക്വതക്കുറവായിട്ടെ അതൊക്കെ തോന്നിയിട്ടുള്ളൂ. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് സംവിധാനമെന്ന് പിന്നീട് മനസിലായി. എനിക്ക് തെറ്റില്ലാതെ ചെയ്യാൻ കഴിയുന്ന ജോലിയാണ് അഭിനയം. അത് വൃത്തിയായി ചെയ്യുന്നതല്ലേ അതിന്റെ ഭംഗി. നന്നായി സംവിധാനം ചെയ്യാൻ അറിയാവുന്ന ഒരുപാടുപേർ ഇന്ന് മലയാള സിനിമയിലുണ്ട്. ഭാവിയിൽ സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയിൽ നിന്ന് അത്യാവശ്യം സമ്പാദ്യമൊക്കെ ലഭിക്കുന്ന അവസ്ഥയിൽ മാത്രമേ അങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങുകയുള്ളൂ. മൈ ഫാൻ രാമു എന്ന ചിത്രത്തിന് വേണ്ടി ഞാൻ തിരക്കഥ എഴുതിയിട്ടുണ്ട്. ഒരു സൂപ്പർ താരത്തിന്റെ ആരാധകനായ രാമു എന്ന ചെറുപ്പക്കാരന്റെ കഥയായിരുന്നു അത്. ആ സിനിമ വേണ്ടത്ര വിജയിച്ചില്ല. ഇന്ന് കാണുമ്പോൾ ഒരുപാട് പോരായ്മകൾ ആ സിനിമയ്ക്ക് ഉള്ളതായി കാണാം. അറിയാൻ വയ്യാത്ത മേഖലയിൽ കൈവച്ച് എന്തിനാണ് വെറുതെ പരാജയങ്ങൾ ഏറ്റുവാങ്ങുന്നത്.
സിനിമ മാറട്ടെ
ആദ്യ ടേക്കിൽ ഓകെയാകുന്ന നടനല്ല ഞാൻ. കുറഞ്ഞത് നാല് ടേക്കെങ്കിലും എടുക്കാറുണ്ട്. പണ്ടാണെങ്കിൽ ഒന്നിൽ കൂടുതൽ ടേക്ക് പോയാൽ ഫിലിം വേസ്റ്റാവുമോയെന്ന ടെൻഷനാണ്. ഇന്ന് ആ ടെൻഷനില്ല. അതിന് വി .കെ .പി യോടാണ് മലയാള സിനിമ നന്ദി പറയേണ്ടത്. വി.കെ.പി യാണ് ആദ്യമായി മലയാള സിനിമയിൽ (മൂന്നാമതൊരാൾ) ഡിജിറ്റൽ ഫോർമാറ്റ് കൊണ്ട് വന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ മലയാള സിനിമയിൽ നിരവധി യുവതാരങ്ങൾ വന്നു. തിയേറ്റർ ഉടമകളും ഈ മാറ്റത്തിനു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളും ഇന്ന് നവീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പ്രേക്ഷകർ വീണ്ടും തിയേറ്ററിലേക്ക് വന്നത്
എന്നും സംതൃപ്തനാണ്
ഇതുവരെ ലഭിച്ച എല്ലാ കഥാപാത്രങ്ങളും എനിക്ക് ബോണസാണ്. സിനിമയിൽ വരണമെന്ന് സ്വപ്നത്തിൽപ്പോലും ആഗ്രഹിച്ചിട്ടില്ല. അവാർഡുകൾ അധികം ലഭിക്കാത്തത് കൊണ്ട് എന്റെ സിനിമകൾ തിയേറ്ററിൽ വരുമ്പോൾ പോയി ആസ്വദിക്കാറുണ്ട്. ഞാൻ പറയുന്ന ഡയലോഗുകൾക്ക് ലഭിക്കുന്ന കൈയടികൾ കേൾക്കുമ്പോൾ അവാർഡുകൾ ലഭിക്കുന്നതുപോലുള്ള വലിയ ഊർജ്ജമാണ് കിട്ടുന്നത്.