വേനൽക്കാലം പകർച്ച വ്യാധികളുടെയും ചർമ്മരോഗങ്ങളുടെയും കൂടി കാലമായതിനാൽ നമ്മുടെ കുളി അവയെ പ്രതിരോധിക്കുന്ന തരത്തിലാകണം. വേനൽക്കാലത്ത് ദിവസം രണ്ട് നേരമോ അതിലധികമോ കുളിക്കാം. എപ്പോഴും സോപ്പ് ഉപയോഗിക്കണമെന്നില്ല.പയറുപൊടി, കടലമാവ്, പെരുവലം, തെച്ചി വേര് ചതച്ചത് എന്നിവ തേച്ച് കുളിക്കാം. എണ്ണ തേച്ചുള്ള കുളിയാണ് ആരോഗ്യകരം. രാമച്ചമിട്ട വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാനും അലർജികളെയും അണുബാധകളെയും പ്രതിരോധിക്കാനും സഹായിക്കും.
വേപ്പില, പേരയില എന്നിവയിട്ട് തിളപ്പിച്ച് തണുപ്പിച്ചെടുത്ത വെള്ളം അലർജികളെ പ്രതിരോധിക്കും. വേപ്പിലയും മഞ്ഞളും അരച്ച് ദേഹത്തു പുരട്ടി കുളിക്കുന്നത് അണുബാധകളെ ചെറുക്കുകയും ചർമ്മത്തിന് ആരോഗ്യം നല്കുകയും ചെയ്യും. നാരങ്ങാനീര് ചേർത്ത വെള്ളം ഉന്മേഷവും കുളിർമ്മയും നല്കുന്നതിനൊപ്പം ചർമ്മരോഗങ്ങളെ പ്രതിരോധിക്കും. തണുത്തതും മാലിന്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയതുമായ വെള്ളത്തിൽ കുളിക്കുക. വെള്ളക്കെട്ടുകളിലെയും കുളങ്ങളിലെയും കുളി ഒഴിവാക്കുന്നതാണ് നല്ലത്.