contegian-

വാഷിംഗ്ടൺ: ആളൊഴിഞ്ഞ വിമാനത്താവളങ്ങൾ, തിരക്കില്ലാതെ ഒറ്റപ്പെട്ട നഗരങ്ങൾ, ഏകാന്തവാസത്തിൽ അഭയം തേടിയ ജനങ്ങൾ, രോഗികൾക്കായി ക്വാറന്റൈൻ വാർഡുകൾ...

ഭീതിപ്പെടുത്തുന്ന ഈ സീനുകൾ 2020ലെ കൊറോണ വൈറസ് ബാധയുടേതല്ല. സ്റ്റീവൻ സോഡെൻബെർഗ് സംവിധാനം ചെയ്‌ത 'കണ്ടേജിയൻ' എന്ന ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ത്രില്ലർ സിനിമയിലേതാണ്. 2011 ൽ റിലീസ് ചെയ്‌ത സിനിമ ഇപ്പോൾ ലോകമെമ്പാടും വൈറലാണ്.

ആഗോള മഹാമാരിയായി കൊറോണ ലോകത്തെ മരണഭീതിയിലാഴ്‌ത്തുമ്പോൾ ഒൻപത് വർഷം മുൻപ് ഇങ്ങനെയൊരു രോഗവും അതുണ്ടാക്കുന്ന ദുരന്തവും പ്രവചിച്ച ഈ സിനിമ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നു. ചൈനയിൽ നിന്ന് വ്യാപിക്കുന്ന ഒരു വൈറസ് ലക്ഷങ്ങളെ കൊന്നൊടുക്കുന്നതാണ് സിനിമയുടെ കഥ.

ലക്ഷക്കണക്കിനാളുകളാണ് ഇപ്പോൾ ഒാൺലൈനിൽ സിനിമ കാണുന്നത്.

സിനിമയിലെ കഥാപാത്രമായ 'ബെത്ത്" എന്ന സ്ത്രീ ബിസിനസ് ആവശ്യത്തിന് ഹോങ്കോംഗിലെത്തുകയും മാംസ മാർക്കറ്റിൽ നിന്ന് വൈറസ് ബാധിക്കുകയും ചെയ്യുന്നു. തിരികെ അമേരിക്കയിലെത്തിയ ബെത്ത് വീട്ടിൽ കുഴഞ്ഞു വീഴുന്നു. ഭർത്താവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെത്തിന്റെ മകനും സമാന രീതിയിൽ മരിക്കുന്നു. രണ്ടു മരണങ്ങളുടെയും കാരണം മാരകമായ വൈറസാണെന്ന് തെളിയുന്നു. എം.ഇ.വി-1 എന്നാണ് വൈറസിന് ചിത്രത്തിൽ പേര്. വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി പ്രതിരോധമാർഗം വികസിപ്പിക്കുമ്പോഴേക്കും ലോകത്താകെ ലക്ഷക്കണക്കിനാളുകൾ മരിക്കുന്നു...

മാറ്റ് ഡാമൻ, മരിയോൺ, ലോറൻസ് ഫിഷ്‌ബേൺ, ജൂഡ് ലോ, കേറ്റ് വിൻസ്‌ലെറ്റ്, ഗിന്നത്ത് പാൾട്രോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. 2020 ജനുവരിയിൽ ഐ ട്യൂൺസിൽ ഏറ്റവും കൂടുതൽ പേർ തേടിയെത്തിയ 10 സിനിമകളുടെ കൂട്ടത്തിൽ ‘കണ്ടേജിയൻ’‍ ഇടംപിടിച്ചു.

കൊറോണയെ തുടർന്ന് യു.എസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ചിത്രം നാലാം സ്ഥാനത്തെത്തി. വാർണർ ബ്രദേഴ്‌സിന്റെ 2020ലെ കാറ്റലോഗിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ സിനിമയും ഇതാണ്.

‘കണ്ടേജിയൻ’‍ വെറും ഒരു സിനിമയായിരുന്നോ? അതോ കൊറോണ വിപത്തിനെ പറ്റിയുള്ള മുന്നറിയിപ്പായിരുന്നോ?’ എന്നാണ് സോഷ്യൽമീഡിയയിലെ ചോദ്യം. സമാന പ്രമേയമുള്ള ‘ഔട്ട് ബ്രേക്ക്’ എന്ന 1995ലെ സിനിമയും ഇന്റർനെറ്റിൽ തരംഗമാണ്.

സൂപ്പർ ഹിറ്റായി ഓടിയ കണ്ടേജിയൻ ആയിരം കോടി രൂപയാണ് ബോക്സോഫീസിൽ നിന്ന് വാരിയത്. സ്റ്റീവൻ സോഡെൻബെർഗിന്റെ ഈ സി

നിമ നൽകിയ പ്രചോദനത്തിലാണ് ‘നിപ’ പ്രമേയമാക്കി മലയാളത്തിലെ ‘വൈറസ്’ എന്ന സിനിമ ആഷിഖ് അബു സൃഷ്ടിച്ചത്.