വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണയില്ലെന്ന് വൈറ്റ് ഹൗസ്. ട്രംപിന്റെ പരിശോധന ഫലം വന്നെന്നും, നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു. പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രസിഡന്റിന് രോഗമുണ്ടോയെന്ന് പരിശോധന നടത്തിയത്. വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. അതേസമയം, അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതായി.
കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ സാഹചര്യത്തിൽ ട്രംപിന്റെ മകൾ ഇവാൻകയും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഓസ്‌ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടണുമായി മാർച്ച് അഞ്ചിനായിരുന്നു ഇവാൻകായുടെ കൂടിക്കാഴ്ച. വെളളിയാഴ്ചയാണ് പീറ്റർ ഡട്ടണിന് കൊറോണ സ്ഥിരീകരിച്ചത്. അമേരിക്കയിൽ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇവാൻകായുമായി ഡട്ടൺ കൂടിക്കാഴ്ച നടത്തിയത്. അതേസമയം യു..എസിൽ നിന്ന് ഇംഗ്ലണ്ട്, അയർലണ്ട് എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്തിയതായി ട്രം പ് അറിയിച്ചു.