എയര്‍പോർട്ടുകളിലെ അറൈവല്‍ ബോടുകളില്‍ നിറയുന്ന ക്യാൻസൽഡ് അറിയിപ്പുകള്‍ക്ക് മദ്ധ്യേ യൂറോപ്പ് കൊറോണാ വൈറസിന്റെ പ്രഭവ കേന്ദ്രമായി മാറുന്നു. ഐക്യ രാഷ്ട്ര സഭയുടെ പഠനമനുസരിച്ച് ചൈനയില്‍ നിന്നിതു യൂറോപ്പിലേക്ക് മാറുകയാണ്. യൂറോപ്പിലെ 27 രാജ്യങ്ങളിലും ഇപ്പോള്‍ രോഗ ബാധിതരുണ്ട്. ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ രോഗ ബാധയേറ്റ രാജ്യം. അവിടെ ജനങ്ങളുടെ നാലില്‍ ഒന്ന് ഭാഗം ആളുകള്‍ നിര്‍ബന്ധിത ഏകാന്ത വാസത്തിലാണ്. ഇറ്റലിയില്‍ ആയിരത്തിലേറെ ആളുകള്‍ മരിച്ചു.
ഏറെ പ്രായമുള്ളവര്‍ കൂടുതലുള്ള രാജ്യം എന്ന നിലയിലാണ് ഇറ്റലിയില്‍ ഇത്രയധികം ആളുകള്‍ മരിക്കുന്നത്. ഇതിനു തൊട്ടു പിറകില്‍ നില്‍ക്കുകയാണ് സ്‌പെയിന്‍. ബ്രിട്ടനില്‍ അസുഖ ബാധയുടെ ഏറ്റവും മോശപ്പെട്ട കാലം രണ്ടു മാസം കഴിഞ്ഞാണ് ഉണ്ടാവുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ വരെ 798 പേരാണ് രോഗ ബാധിതര്‍ ആയിട്ടുള്ളത്, 11 പേര്‍ മരണമടഞ്ഞു.
ഡബ്ല്യൂ.എച്ച.ഒ പ്രഖ്യാപിച്ച ഈ മഹാമാരി ലോക സാമ്പത്തിക വ്യവസ്ഥയുടെ മേലുള്ള മഹാമാരിയായി മാറുകയാണ്. ഏഴായിരം ആളുകള്‍ ജോലി ചെയ്യുന്ന എഡിന്‍ബറോ എയര്‍പോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചിടാനാണ് പരിപാടി ഇടുന്നത്. പ്രൊഫഷനല്‍ ഫുട്ബാള്‍ ഇംഗ്ലണ്ടിലും, ജെര്‍മ്മനിയിലും, ഫ്രാന്‍സിലും നിര്‍ത്തി വച്ച്. സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ബ്രിട്ടനിലെ ഷെയര്‍ വില മൂന്നിലൊന്നു ഇടിയുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജോലിയേയും, പെൻഷനെയും ആണ് അത് ബാധിക്കുന്നത്. ഇതൊരു പകര്‍ച്ച വ്യാധിക്കപ്പുറം വന്‍ യുദ്ധമായാണ് വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഇതിനകം ബിബിസി ചൈനയില്‍ നിന്നും ഒരു വാര്‍ത്ത “കണ്ടെത്തി”. തെക്ക് പടിഞ്ഞാറേ ചൈനയിലെ ദൌജോയില്‍ വിവാഹ മോചനം ഏറുന്നുവെന്നു. 88 ദമ്പതികള്‍ വിവാഹ മോചനം നോക്കുന്നുവത്രേ. കൊറോണായോടെ വീട്ടില്‍ അടച്ചിരുന്നപ്പോള്‍ ഉണ്ടായ തര്‍ക്കങ്ങളാണ് പ്രശ്നമെന്ന്!!! അത് ബിബിസിയുടെ കോമിക് റിലീഫ്.