corona-kerala

തൃശൂർ: കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെ‌ഡിക്കൽ വിദ്യാർത്ഥിനിയെ തൃശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കൽബുർഗിയിൽ രോഗം ബാധിച്ച് മരിച്ച മുഹമ്മദ് ഹുസൈൻ സിദ്ദിഖി (76)യെ പരിചരിച്ച മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥിയെയാണ് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിദ്ദിഖിയെ പരിചരിച്ച സംഘത്തിലുണ്ടായിരുന്ന 11 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത്. രണ്ട് പേർ പാലക്കാട്ടും ഇറങ്ങി. ഇവരിലൊരാൾക്ക് പനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം,​ ജില്ലയിൽ കൊറോണ സംശയിക്കുന്ന രണ്ട് വയസുള്ള കുട്ടിയുൾപ്പെടെ 25 പേരുടെ സാമ്പിളുകൾ ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം ഇന്ന് ലഭിക്കും.


സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29ന് നാട്ടിലെത്തിയ കൽബുർഖി സ്വദേശി മാർച്ച് 5ന് രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽവച്ച് ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.