മുൻ എം.പി പി.കെ ബിജുവിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച് വൻ വിവാദങ്ങളാണ് ഉയരുന്നത്. കേരള സർവകലാശാലയിൽ അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിലാണ് നിയമനം നൽകിയിരിക്കുന്നത്. അർഹതയുള്ള നിരവധി പേരെ പിന്തള്ളിയാണ് മുൻ എംപിയുടെ ഭാര്യയ്ക്ക് അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ നിയമനം നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് അഡ്വ. എ ജയശങ്കർ.
"ഉയർന്ന യോഗ്യതയും ഗവേഷണ ബിരുദവുമുളള ഉദ്യോഗാർത്ഥികൾ തഴയപ്പെട്ടു എന്നാണ് കുബുദ്ധികൾ പറയുന്നത്. തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാൻസലർ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ദൽഹിയിൽ കേരളത്തിൻ്റെ സ്ഥാനപതിയായി നിയമിച്ചപ്പോൾ ചില വിവരദോഷികൾ അത് വിവാദമാക്കി.
ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സർവകലാശാലയിൽ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസർ നിയമിക്കാൻ ഒരുങ്ങുമ്പോൾ അതും ചില ഏഴാംകൂലികൾ വിവാദമാക്കുകയാണ്.
സഖാക്കൾക്കു വേണ്ടി സഖാക്കൾ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സർവകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാർട്ടി തീരുമാനിക്കും. ഏകെജി സെൻ്ററിൽ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗീകരിക്കും. അത്രയേയുള്ളൂ കാര്യം.
ഉയർന്ന യോഗ്യതയും ഗവേഷണ ബിരുദവുമുളള ഉദ്യോഗാർത്ഥികൾ തഴയപ്പെട്ടു എന്നാണ് കുബുദ്ധികൾ പറയുന്നത്. തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാൻസലർ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ.
അടിക്കുറിപ്പ്: നാട്ടിൽ കൊറോണ പടർന്നു പിടിക്കുന്ന സമയത്താണ്, സർവകലാശാലയിലെ നിയമന വിവാദം!!!!