തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടൺ സ്വദേശി മൂന്നാറിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനൊരുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബ്രിട്ടിഷ് പൗരന് ഇന്നലെ വൈകിട്ടുതന്നെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ മന്ത്രി റിസോര്‍ട്ട് ഉടമയെ വിമർശിച്ചു.
കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടീ കൗണ്ടി റിസോര്‍ട്ടിലെ ബ്രിട്ടീഷ് പൗരന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് കൊറോണ പോസിറ്റീവ് ആണെന്ന പരിശോധനഫലം ലഭിച്ചത്. റിസള്‍ട്ട് വന്നപ്പോള്‍ തന്നെ റിസോര്‍ട്ട് ഉടമയെ ബന്ധപ്പെട്ടിരുന്നു. നിരീക്ഷണത്തിനുള്ള സമയം കഴിയും വരെ ആരേയും പുറത്തുവിടരുതെന്ന് നിര്‍ദേശിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ ആംബുലൻസുമായി മൂന്നാർ കെ.ടി.ഡി.സി ടീ കൗണ്ടി റിസോർട്ടിൽ എത്തും മുൻപ് ഇയാൾ അടങ്ങുന്ന 19 അംഗ സംഘം അവിടം വിട്ടിരുന്നു. തിരിച്ചിലിനൊടുവിൽ കണ്ടെത്തിയപ്പോഴേയ്ക്കും വിമാനത്തിൽ കയറിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. പരിശോധിച്ച ശേഷം മൂന്നാറിൽ നിന്നും വന്ന 19 പേരെയും ആലുവ ജില്ലാ ആശുപത്രിയിലേക്കും കളമശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. 289 യാത്രക്കാരാണ് വിമാനത്തിൽ ആകെ ഉണ്ടായിരുന്നത്.
ഉടന്‍തന്നെ വിവരം എല്ലായിടത്തേക്കും നല്‍കി. വിമാനത്തിനുള്ളില്‍ വെച്ചാണ് ഇയാളെ പിടിച്ചത്. ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ആശുപത്രിയിലെ ഐസോലേഷനിലേക്ക് മാറ്റി. ബാക്കിയുള്ള 17പേരെ നിരീക്ഷണത്തിലാക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ് - മന്ത്രി വിശദീകരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടി. ആരോഗ്യം, ടൂറിസം വകുപ്പുകളോടും പൊലീസ് മേധാവിയോടും കളക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.