islamic-state

ലണ്ടന്‍: ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വെെറസ്. രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഭീകരർക്ക് മാർഗ നിർദേശങ്ങളുമായെത്തിയിരിക്കുകയാണ് ഭീകരസംഘടനയായ ഐസിസ്. വൈറസ് ബാധിത രാജ്യങ്ങളിലേയ്ക്ക് യാത്ര വേണ്ടെന്ന് ഭീകരര്‍ക്ക് നിർദേശം നൽകി. ഒപ്പം കൈകള്‍ നന്നായി കഴുകണമെന്നും വ്യക്തമാക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നും തീവ്രവാദ സംഘടന ആവശ്യപ്പെടുന്നു. "പകര്‍ച്ച വ്യാധി പടരുന്നതിന് ഒരു കാരണമുണ്ടാകും. ദൈവം തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളൂ. രോഗബാധിതനായ ഒരാളുടെ അടുത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് സിംഹത്തിന് മുന്നില്‍ നിന്ന് രക്ഷപെടുന്നതിന് തുല്യമാണ്. പ്രതിരോധം എന്ന നിലയില്‍ വായയും ജലസംഭരണികളും മൂടണം. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുവിടത്ത് തുമ്മുന്നത് ഒഴിവാക്കണമെന്നും തുമ്മുന്ന സമയം മൂക്കും വായയും മൂടണമെന്നും" ഐസിസ് തങ്ങളുടെ അനുയായികളോട് നിർദേശിക്കുന്നു.

അതേസമയം,​ ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെയെണ്ണം 107 ആയി. ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ പ്രത്യേകവിമാനങ്ങളില്‍ തിരികെയെത്തിച്ചു. മഹാരാഷ്ട്രയില്‍ കുടുതല്‍ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ കണ്ടെത്തിയവരുടെയെണ്ണം നൂറ് കടന്നു. കോവിഡ് ഭീതിയില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന 211 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 218 പേരെ മിലാനില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു. ഇറാനില്‍ നിന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 234 പേരെ ജയ്സല്‍മീറിലെത്തിച്ചു. ഇവരെ പതിന്നാല് ദിവസം ഐസലേഷനില്‍ പാര്‍പ്പിക്കും.