shailaja

കന്റോൺമെന്റ് ഹൗസിനു സമീപമുള്ള ഒൗദ്യോഗിക വസതിയിൽ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഈ അഭിമുഖത്തിനായി ഇരിക്കുമ്പോൾ സമയം രാത്രി പത്തുമണി കഴിഞ്ഞിരുന്നു. രാഷ്ട്രീയ വിമർശനങ്ങളെക്കുറിച്ചും കൊറോണ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്ളാനുകളെക്കുറിച്ചുമൊക്കെ മന്ത്രി വിശദമായി സംസാരിച്ചു. പ്രസക്തഭാഗങ്ങളിൽ നിന്ന്.

 എന്താണ് നിലവിലെ സാഹചര്യം?

വുഹാനിൽ നിന്നുള്ള ആദ്യ മൂന്ന് കേസുകളും നമ്മൾ നല്ലനിലയിൽ കൈകാര്യം ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നുള്ള കേസുകൾ വന്നശേഷം പോസിറ്റീവ് ആയവയുടെ എണ്ണം കൂടി. പോസിറ്റീവ് ആകുന്നവരുടെ കോൺടാക്ട് ട്രേസ് ചെയ്ത് മുന്നറിയിപ്പുകൾ നൽകുന്നു. അത്യന്താധുനിക സംവിധാനങ്ങൾ അതിനായി ഉപയോഗിക്കുന്നുണ്ട്. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നു. മുഖ്യമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് കൺട്രോൾ റൂമുണ്ട്, വലിയൊരു ടീം സംസ്ഥാനത്താകെ പ്രവർത്തിക്കുകയാണ്.

 എന്താണ് വലിയൊരു അപകട സാഹചര്യം

ഉണ്ടായാൽ നേരിടാനുള്ള പോംവഴി?

പ്രധാനമായിട്ടും ആയിരക്കണക്കിനാളുകൾ വരുന്ന ഒരു സാഹചര്യമുണ്ടായാൽ ഐസൊലേഷൻ സൗകര്യം വലിയ കഷ്ടമാകും. ഇപ്പോൾ ഞങ്ങൾ പ്ളാൻ എ, പ്ളാൻ ബി, പ്ളാൻ സി തയ്യാറാക്കി വച്ചിട്ടുണ്ട്. പ്ളാൻ എയിൽ ഗവൺമെന്റ് മേഖലയിൽ മാത്രമല്ല സ്വകാര്യ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ മേഖലയിൽ ഫിൽ ആയാൽ അവിടെ അഡ്മിറ്റ് ചെയ്യും. സ്വകാര്യമേഖലയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്ളാൻ ബിയിൽ സർക്കാർ മേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയിലും കുറച്ചധികം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വ്യാപനം കുറച്ചധികമായാലുള്ള സ്ഥിതി നേരിടാനാണിത്. പ്ളാൻ സി ഗുരതരമായ ഒരവസ്ഥാവിശേഷമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളാണ്. പത്തനംതിട്ട കളക്ടർ നൂഹും റാന്നി എം.എൽ.എ രാജു എബ്രഹാമും ചേർന്ന് അടച്ചുപൂട്ടിയ ഒരു ആശുപത്രി അപ്പാടെ അവരുടെ അനുമതിയോടെ തുറപ്പിച്ച് ഏറ്റെടുത്തിട്ടുണ്ട്. ഇങ്ങനെ എല്ലായിടത്തും സംവിധാനങ്ങൾ ഒരുക്കാൻ നോക്കുകയാണ്. കഴിഞ്ഞ തവണ രണ്ടാം ഘട്ട നിപ്പ ഉണ്ടായപ്പോൾ എറണാകുളത്ത് ലേഡീസ് ഹോസ്റ്റൽ അപ്പാടെ ഒഴിപ്പിച്ചെടുത്തിരുന്നു. മുൻകൂട്ടിക്കണ്ടുള്ള പ്ളാനുകളാണ് നമ്മൾ തയ്യാറാക്കുന്നത്. ഒരു പക്ഷേ ഒന്നും വരില്ലായിരിക്കാം. പക്ഷേ വന്നു കഴിഞ്ഞിട്ട് ഓടിയാൽ രോഗികൾ എന്തുചെയ്യും. ഒരു വിശ്രമവുമില്ലാത്ത ജോലിയാണ് ചെയ്യുന്നത്. ഇത് ജനങ്ങളോട് പറയുകയും വേണം. അവരിൽ നിന്ന് ഒന്നും മറച്ചുവയ്കാനാവില്ല. അവരുടെ പേടിയും മാറ്റണം. ഇനി പുറത്തിറങ്ങേണ്ടതില്ലെന്ന് ആരും കരുതരുത്. ജോലി ഞങ്ങളുമെല്ലാം ചെയ്യുന്നുണ്ട്. അങ്ങനെ ഭയക്കേണ്ട. പക്ഷേ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. സ്കൂളും

കോളേജുമൊക്കെ അടച്ചിട്ടത് അതിനാലാണ്.

കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ ഉള്ളവർ

ആദ്യം സ്വീകരിക്കേണ്ട മുൻകരുതൽ എന്താണ്?

നമ്മൾ എല്ലാ ഉപദേശങ്ങളും നൽകിയിട്ടുണ്ട്. നാട്ടിൽ സാധാരണ ഒരു പനി വന്നാൽ കൊറോണയായിരിക്കുമെന്നൊക്കെ ചിന്തിച്ച് ബേജാറാകരുത്. അങ്ങനെ വരുന്ന ഒന്നല്ലിത്. നമ്മൾ പേടിക്കേണ്ടത് ഈ സമയത്ത് വിദേശത്തു നിന്ന് തിരിച്ചുവന്ന ആർക്കെങ്കിലും കൊറോണ ഉണ്ടോയെന്നതാണ്. എന്നാൽ വിദേശത്ത് നിന്നു വരുന്നവരെയെല്ലാം കൊറോണയെന്ന് പറഞ്ഞ് ഓടിക്കേണ്ട കാര്യമില്ല. വൈറസ് ഉണ്ടെന്നു പറഞ്ഞ് അവർ കുറ്റവാളികളാകുന്നില്ല. അവരോട് ഒറ്റക്കാര്യമേ പറയുന്നുള്ളു. നിങ്ങൾ തിരിച്ചുവരുമ്പോൾ താനിങ്ങനെ കൊറോണ ബാധിച്ച രാജ്യത്ത് നിന്ന് വന്നയാളാണെന്ന് പറയണം. അത് ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെങ്കിൽ ഗുരുതരമായ കുറ്റമാണ്.

 കേരളത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറിംഗ് പ്രൊസിഡ്യൂർ (എസ്.ഒ.പി) മികച്ചതാണെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അഭിനന്ദിക്കുകയും മറ്റ് സംസ്ഥാനങ്ങളോട് അത് ഫോളോ ചെയ്യാനും പറയുകയുണ്ടായി? അതൊരു അംഗീകാരമല്ലേ?

തീർച്ചയായും. ചൈനയിൽ കൊറോണയെന്ന് കേട്ടപ്പോൾ നമ്മൾ ഭയങ്കരമായി തയ്യാറെടുപ്പുകൾ നടത്തി. ചൈനയിലുണ്ടാകുന്നതിന് നമ്മൾ എന്തിനാണ് ഒരുങ്ങുന്നതെന്ന് ചോദിച്ച് പലരും പരിഹസിച്ചു. ഓവറാക്ഷൻ നടത്തുന്നതെന്തിനാണെന്ന് ചോദിച്ചവരുണ്ട്. പക്ഷേ നമ്മൾ ഓവറാക്ട് ചെയ്താലേ മതിയാകൂ. ഇതത്ര മഹാമാരിയാണ്. ഇതെല്ലാം വന്നിട്ട് ട്രെയിനിംഗ് കൊടുക്കാമെന്ന് കരുതി ഇരിക്കാനാവുന്ന വിഷയമല്ലിത്. അങ്ങെങ്ങാണ്ട് വന്നപ്പോൾ നമ്മൾ ഇവിടെ കുടപിടിച്ചെന്നത് ശരിയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളിയുണ്ട്. അവർ ഇങ്ങോട്ടുവരും. അത് മറന്ന് പ്രവർത്തിക്കാനാവുമോ?.

 രോഗബാധയോ, രോഗ ലക്ഷണമോ ഉള്ള വിദേശത്ത് കഴിയുന്ന മലയാളികൾ

ആ വിവരം വെളിപ്പെടുത്തി വന്നാൽ അവരെ സംരക്ഷിക്കാൻ കഴിയുമോ?

ഉറപ്പായിട്ടും. ഇവിടെ വരേണ്ടെന്ന് നമ്മൾ പറയുകയേ ഇല്ല. ഇവിടെ കൊണ്ടു വന്നാൽ സംരക്ഷിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 ഗവൺമെന്റ് നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും

പ്രതിപക്ഷം വിമർശിക്കുകയാണല്ലോ? പ്രതിപക്ഷത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും മീഡിയാ മാനിയ ആണെന്നും പറഞ്ഞു.?

എനിക്കറിയില്ല ഇതെന്താണിങ്ങനെയെന്ന്. നമ്മളുടേത് ഒരു കുഞ്ഞ് സംസ്ഥാനമാണ് വലിയ രാജ്യങ്ങൾ പോലും പരാജയപ്പെടുകയാണ്. അമേരിക്കയിൽ പോലും മരണം സംഭവിക്കുന്നു. സാങ്കേതികമായി എല്ലാ മികവുമുള്ള യു.കെയിലെ പ്രധാനമന്ത്രി പറയുകയാണ് കൈവിട്ടുപോയെന്ന്. അതുകേട്ടപ്പോൾ എനിക്കും പേടിയായി. അവരുടേത് വലിയ രാജ്യമല്ലേ, അവിടുത്തെ ആരോഗ്യമന്ത്രിക്കും പിടിപെട്ടു. നമ്മൾ സർവകലാവല്ലഭരല്ല. നമ്മൾക്ക് നല്ലൊരു ബേസുണ്ട്. അത് വച്ച് പ്ളാൻ ചെയ്യുകയാണ്. അതിസാഹസികമായിട്ടാണ് പ്രവർത്തിക്കുന്നത്. അതിനെ വിമർശിച്ചപ്പോൾ അല്പം ശബ്ദമുയർത്തി മറുപടി പറഞ്ഞുവെന്നുള്ളത് വസ്തുതയാണ്. ജനങ്ങൾക്ക് വിവരമറിയണം. അത് ഉത്തരവാദിത്വമാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്.

പ്രതിപക്ഷം സഹകരിക്കേണ്ട ഘട്ടമല്ലേയിത്?

അങ്ങനെ സഹകരിച്ചിരുന്നെങ്കിൽ എന്നാണ് ഞാൻ ആശിക്കുന്നത്.

 സർക്കാർ ഭീതി പരത്തുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ആരോപിക്കുന്നു?

കൊറോണ മരണം എല്ലാ രാജ്യങ്ങളിലും സംഭവിക്കുകയാണ്. ഇതുകണ്ടുകൊണ്ട് നമ്മൾ എങ്ങനെയാണ് സ്വത്വര നടപടി സ്വീകരിക്കാതിരിക്കുന്നത്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കണമെന്നാണോ അവർ പറയുന്നത്. ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കണമെന്നാണോ പറയുന്നത്. അഗ്രസീവായ ആക്ഷനിലേക്കാണ് പോയത്. അതുകൊണ്ട് ചില്ലറ പ്രയാസങ്ങൾ ആൾക്കാർക്കുണ്ടാകാം. പക്ഷേ മരണമുണ്ടാകില്ലല്ലോ. ഞങ്ങൾ മരണത്തോടാണ് ഫൈറ്റ് ചെയ്യുന്നത്. ജനങ്ങൾക്ക് അത് നന്നായി മനസിലാകുന്നുണ്ട്. ഊണും ഉറക്കമൊഴിച്ചിട്ട് നമ്മൾ പാടുപെടുന്നത് കൊറോണ ബാധിച്ച് ഒറ്റയാൾ പോലും മരിക്കാതിരിക്കാനാണ്. ഇത്തരമൊരു ഘട്ടത്തിലാണ് സാമൂഹ്യ പ്രതിബദ്ധത പ്രകടമാകേണ്ടത്. അവരുടെ പാർട്ടിയുടെ അണികളെയൊന്നും ഞാൻ കുറ്റം പറയുകയില്ല. ഞാൻ അവരുടെ പാർട്ടിയുടെ ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുത്തു. ഒട്ടേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്റെയടുത്തു വന്നു. കക്ഷി രാഷ്ട്രീയമൊന്നും ഞങ്ങൾ നോക്കുന്നില്ല. വൈകിട്ട് ടീച്ചറുടെ പത്രസമ്മേളനം നോക്കിയിരിക്കുകയാണ്. അപ്പോഴാണ് കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പൂർണമായിട്ട് അറിയാനും ആശങ്കപ്പെടാതിരിക്കാനും കഴിയുന്നത്. ഞങ്ങളുടെ പൂർണ പിന്തുണ ടീച്ചർക്കുണ്ടെന്ന് അവർ പറഞ്ഞു. ഇതിൽ കക്ഷി രാഷ്ട്രീയമൊന്നുമില്ല. ഇന്ന പാർട്ടിക്കാരെയാണ് കൊറോണ പിടിക്കുകയെന്ന് പറയാനൊക്കുമോ. കോൺഗ്രസുകാരൻ മരിച്ചാൽ ദുഃഖം കുറയുകയും സി.പി.എമ്മുകാരൻ മരിച്ചാൽ കൂടുകയും ചെയ്യുമോ. മരിക്കുന്നതെല്ലാം നമ്മൾക്ക് നഷ്ടമാണ്. സങ്കടമാണ്. രമേശ് ചെന്നിത്തല ഇതു പറഞ്ഞാലും കോൺഗ്രസിന്റെ ആയിരക്കണക്കിന് പ്രവർത്തകർ ഈ കൊറോണ വൈറസിനെക്കുറിച്ച് പ്രതികരിക്കുന്നത് എന്റെ മീഡിയാ മാനിയ കൊണ്ടാണെന്ന് പറയുകയില്ല.

കേരളത്തിലെ ജനങ്ങൾ ടീച്ചറമ്മയെന്ന് വിളിക്കുന്നു. കേരള ഗവർണർ പറയുന്നു, ഇന്ത്യ മുഴുവൻ പരതിയാലും ഇതുപോലൊരു മന്ത്രിയെക്കിട്ടില്ലെന്ന് ?പ്രശംസകളെ എങ്ങനെ കാണുന്നു?.

അഭിനന്ദനങ്ങളിൽ സന്തോഷിക്കുന്നില്ലെന്ന് ഞാൻ പറയില്ല. അങ്ങനെ പറഞ്ഞാൽ അത് അഹങ്കാരമാകും. നമ്മൾ ചെയ്യുന്നതിനെ അഭിനന്ദിക്കുന്നുവെന്നേയുള്ളു. അതിനപ്പുറത്തേക്ക് ഞാൻ എടുക്കുന്നില്ല. കാരണം എപ്പോഴും എന്തും സംഭവിക്കാവുന്ന മേഖലയാണിത്. ആരെയും ഈ വൈറസ് ബാധയുടെ പേരിൽ മരിക്കാൻ വിടില്ലെന്ന വാശി എന്റെ എല്ലാ ഉദ്യോഗസ്ഥരും കാണിക്കുന്നു. ഒരിക്കലും ഞാൻ ഒറ്റയ്ക്കല്ല. ടീമാണ്. നല്ലൊരു ടീമിനെ ഫോം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ. ചെറിയ പോരായ്മകൾ ഇല്ലെന്നു പറയില്ല. ഒരുപാട് നഴ്സുമാരുടെ സന്ദേശം വരുന്നുണ്ട്. ഞങ്ങൾ കൂടെയുണ്ടെന്നും. ടീച്ചർ ധൈര്യമായിട്ട് പോകൂ എന്നും പറയുന്നു. അതാണ് കരുത്ത്.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ആരോഗ്യം എങ്ങനെയുണ്ട്?

എന്റെ പ്രായത്തിനനുസരിച്ച് എനിക്ക് നല്ല ആരോഗ്യമുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്.

( അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിൽ കാണാം)