കോട്ടയം: കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാതെ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ച വിദേശികളെ പൊലീസ് തടഞ്ഞു. കോട്ടയം കുറവിലങ്ങാട് വച്ചാണ് പൊലീസ് വിദേശികളെ തടഞ്ഞത്. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന വിലക്ക് മറികടന്ന് മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് വിദേശികളെ പൊലീസ് തടഞ്ഞത്.
സ്‌പെയിൻ സ്വദേശികളായ യുവാവിനെയും യുവതിയെയും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടെത്താത്തതിനാൽ ഇവരെ വിട്ടയച്ചെങ്കിലും, നിലവിലെ സാഹചര്യത്തിൽ താമസസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മാർച്ച് ആറിന് കേരളത്തിൽ എത്തിയ ഇരുവരും കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ ആണ് താമസിച്ചത്.
അതേസമയം, കൊറോണ ബാധിച്ച വിദേശി താമസിച്ച മൂന്നാറിലെ ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. ബ്രിട്ടീഷ് പൗരന്‍ താമസിച്ച ടീ കൗണ്ടി റിസോര്‍ട്ടില്‍ ബ്രിട്ടീഷ് പൗരനെ പരിചരിച്ച പലര്‍ക്കും രോഗലക്ഷണമുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. റിസോര്‍ട്ടിലെ ജീവനക്കാര്‍ പലരും വീട്ടിലേക്ക് പോയി. മാസ്‌കോ സാനിറ്റൈസറോ ലഭ്യമല്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.