നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും വരവറിയിച്ച വിഖ്യാത ചെക്ക് ബ്രാൻഡായ ജാവയുടെ, രണ്ടാംവരവിലെ മൂന്നാം മോഡലാണ് പെരാക്ക്. ബോബർ ശ്രേണിയിൽ തനത് ലുക്കിലാണ് പെരാക്കിന്റെ വരവ്. പഴമയുടെ പെരുമയ്ക്കൊപ്പം ആധുനികതയുടെ ചേരുവകൾ കൂടിക്കലർത്തിയുള്ള ആകർഷകമായ രൂപകല്പനയാണ് പെരാക്കിന്റെ തുറുപ്പുചീട്ട്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ളാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ജാവയുടെ നിർമ്മാതാക്കൾ. 1.94 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള പെരാക്കിന്റെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. വില്പന അടുത്തമാസം ആരംഭിച്ചേക്കും. നീളമേറിയ ബോഡി, ഒറ്റയാൻ സീറ്ര്, വെട്ടിയൊതുക്കിയ പോലെയുള്ള മുൻ-പിൻ ഫെൻഡറുകൾ, മാറ്റ് ബ്ളാക്ക് കളർ തീം എന്നിവ പെരാക്കിനെ കിടിലൻ സ്ട്രൈക്കിംഗ് പോസർ ബോയ് ആക്കി മാറ്റുന്നുണ്ട്.
കറുപ്പഴക് ചാലിച്ച എൻജിൻ, അതിൽ സ്വർണവർണവരകൾ, പഴമ വെടിയാത്ത ലുക്ക്, സീറ്രിനുതാഴെ സജ്ജമായ മോണോഷോക്ക് സസ്പെൻഷൻ, ബോഡിക്ക് ഇരുവശത്തുമായി ഇടംപിടിച്ച എക്സ്ഹോസ്റ്ര്, സീറ്റിന് പിന്നിലെ ലൈറ്റ് എന്നിവയും പെരാക്കിനെ ആകർഷകമാക്കുന്നു. ജാവയുടെ മറ്റു രണ്ടു മോഡലുകളായ ജാവ, ജാവ ഫോർട്ടി ടു എന്നിവ അപേക്ഷിച്ച് ശക്തവും മികവുറ്റതുമാണ് പെരാക്കിലെ എൻജിൻ. 30 ബി.എച്ച്.പി കരുത്തും 31 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 334 സി.സി., സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക്, ലിക്വിഡ് കൂളായ ഡി.ഒ.എച്ച്.സി, എസ്.ഐ എൻജിനാണിത്. ഗിയറുകൾ ആറ്.
വീതിയേറിയ ടയറുകളിൽ മുന്നിൽ ഫ്ളോട്ടിംഗ് കാലിപ്പറോട് കൂടിയ ഡിയ 280 എം.എം ഡിസ്ക് ബ്രേക്കും എ.ബി.എസും ഇടംപിടിച്ചിരിക്കുന്നു. പിൻ ടയറിൽ ഇതേ മികവുകളോടെ 240 എം.എം ഡിസ്ക് ബ്രേക്ക് കാണാം. 750 എം.എം ആണ് പെരാക്കിന്റെ സീറ്രുയരം. ഭാരം 179 കിലോഗ്രാം. 1485 എം.എം ആണ് വീൽബെയ്സ്. ഇന്ധനടാങ്കിൽ 14 ലിറ്രർ പെട്രോൾ നിറയും.
ദീർഘദൂര യാത്രകൾക്ക് ഏറെ അനുയോജ്യമാണ് പെരാക്ക്. 100-125 കിലോമീറ്രർ വേഗതയിലും മികച്ച റൈഡിംഗ് ആസ്വാദനം നൽകും. അനാവശ്യ വൈബ്രേഷനുകളിലൂടെ റൈഡറെ മടുപ്പിക്കില്ലെന്ന ഗുണമുണ്ട്. ഏറെനേരം റൈഡ് ചെയ്താലും മടുപ്പിക്കാത്ത സീറ്റിംഗ് പൊസിഷനും മികവാണ്.