അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പ് 26ന് നടക്കാനിരിക്കെ, മദ്ധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി അഞ്ച് പാർട്ടി എം.എൽ.എമാർ രാജിവച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി. ജെ. പിയുടെ കുതിരക്കച്ചവടത്തിൽ നിന്ന് കോൺഗ്രസ് എം.എൽ.എമാരെ രക്ഷിക്കാൻ അവരെ ജയ്‌പൂരിലേക്ക് മാറ്റുന്നതിനിടെയാണ് രാജി. ആദ്യം നാല് പേരാണ് സ്പീക്കർ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് നൽകിയത്. പിന്നീട് പ്രവീൺ മാരൂ എം. എൽ. എയും രാജിവച്ചതായി വെളിപ്പെടുത്തി. അഞ്ച് പേർ രാജിക്കത്ത് നൽകിയെന്നും അവരുടെ പേരുകൾ
നിയമസഭയിൽ വെളിപ്പെടുത്തുമെന്നും ത്രിവേദി പറഞ്ഞു. രാജിവച്ചവരിൽ ജി.വി. കാക്ക്‌ദിയ, സോംഭായ് പട്ടേൽ എന്നിവരും ഉണ്ടെന്നാണ് വിവരം.
ആദ്യം 14 പേരെയാണ് കോൺഗ്രസ് ജയ്‌പൂരിലേക്ക് മാറ്റിയത്. അക്കൂട്ടത്തിൽ നിന്ന് മുങ്ങിയ നാല് പേരാണ് ആദ്യം രാജിവച്ചത്. ഇന്നലെ വൈകിട്ട് 20 -22 എം. എൽ. എമാരെകൂടി ജയ്‌പൂരിലേക്ക് മാറ്റി. ശേഷിക്കുന്നവരെയും പിന്നീട് മാറ്റും.
കക്ഷിനില
ആകെ: 182 സീറ്റുകൾ
ബി.ജെ.പി: 103
കോൺഗ്രസ്: 73
ഭാരതീയ ട്രൈബൽ പാർട്ടി: 2
എൻ.സി.പി: 1 (ഈ രണ്ട് കക്ഷികളും സ്വതന്ത്രൻ ജിഗ്നേഷ് മേവാനിയും കോൺഗ്രസിനൊപ്പമാണ്)
നിർണായകമായി രാജ്യസഭ തിരഞ്ഞെടുപ്പ്
രാജ്യസഭാതിരഞ്ഞെടുപ്പിൽ നാല് സീറ്റുകളാണ് ഗുജറാത്തിലുള്ളത്. നിലവിലെ കക്ഷി നിലപ്രകാരം രണ്ട് സീറ്റുകൾ ബി.ജെ.പിക്കും രണ്ട് സീറ്റുകൾ പ്രതിപക്ഷമായ കോൺഗ്രസിനും ജയിക്കാം. എന്നാൽ അട്ടിമറി ലക്ഷ്യമിട്ട് മൂന്ന് സീറ്റുകളിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഒരു രാജ്യസഭാ സീറ്റ് സ്വന്തമാക്കാൻ 37 വോട്ടാണ് ഇവിടെ വേണ്ടത്. ഈ കണക്ക് പ്രകാരം 103 സീറ്റുള്ള ബി.ജെ.പിക്ക് രണ്ട് സീറ്റ് ഉറപ്പിക്കാം. മൂന്ന് സീറ്റിന് 111 വോട്ട് വേണം. കോൺഗ്രസ് എം.എൽ.എമാരെ രാജിവയ്പ്പിച്ചാൽ എണ്ണം കുറയ്‌ക്കാമെന്നാണ് ബി. ജെ. പി കണക്കുകൂട്ടുന്നത്.
തലവേദനയായി നർഹരി അമിൻ
ബി.ജെ.പി മൂന്നാം സ്ഥാനാർത്ഥിയായി മുൻ കോൺഗ്രസ് നേതാവ് നർഹരി അമിനെ നിർത്തിയതാണ് കോൺഗ്രസിന് തലവേദനയായത്. കോൺഗ്രസ് എം.എൽ.എമാരെ നേരിട്ട് കണ്ട് വോട്ട് തേടും എന്ന് അമിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എം.എൽ.എമാരുടെ രാജി.