കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. ദൂരസ്ഥലങ്ങളിൽ നിന്ന് പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഹോസ്റ്റലുകൾ പലതും വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കാൻ ഹോസ്റ്റൽ നടത്തിപ്പുകാർ തയ്യാറാവുന്നില്ലെന്നും പരീക്ഷകൾ മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവെയ്ക്കാൻ അധികാരികളും,ഗവൺമെന്റും തയ്യാറാവാത്തത് നീതികേടാണെന്നും അഭിജിത്ത് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോവിഡ് 19, കൊറോണ ആശങ്കകൾ നിലനിൽക്കുന്നിതിനിടയിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ പറഞ്ഞ് വിദ്യാർത്ഥികളും, രക്ഷിതാക്കളും ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഹോസ്റ്റലുകൾ പലതും വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കാൻ ഹോസ്റ്റൽ നടത്തിപ്പുകാർ തയ്യാറാവുന്നില്ല. എം.ജി,കേരള,കാലിക്കറ്റ്,കണ്ണൂർ, കുഹാസ് സർവ്വകലാശാലകളിലെ പരീക്ഷകൾ മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവെയ്ക്കാൻ സാധിക്കുന്നവയാണ്, അതിന് അധികാരികളും,ഗവൺമെന്റും തയ്യാറാവാത്തത് നീതികേടാണ്.
ഈ വിഷയങ്ങൾ ഉന്നയിച്ച് ഇന്നലെ ബഹു.മുഖ്യമന്ത്രിയ്ക്കും, ബഹു.ഉന്നത വിദ്യഭ്യാസമന്ത്രിയ്ക്കും, ബഹു. ചാൻസലർ കൂടിയായ ഗവർണ്ണർക്കും പരാതി നൽകിയിരുന്നു. ബഹു.ഉന്നത വിദ്യഭ്യാസ മന്ത്രിയെ ബന്ധപ്പെടാൻ ഇന്നലെ മുതൽ ശ്രമിക്കുകയും ഇന്ന് അദ്ദേഹത്തോട് പരീക്ഷകൾ മാറ്റിവെയ്ക്കാൻ ഫോണിലൂടെ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ബഹു.പ്രതിപക്ഷ നേതാവ് സർവ്വകലാശാലാ പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെയ്ക്കാൻ ബഹു.മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സാധ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്, വിദ്യാർത്ഥികൾക്കനുകൂലമായ തീരുമാനം ഗവൺമെന്റ് സ്വീകരിക്കണം.
നിയമസഭ പോലും നിർത്തിവെച്ച ഗവൺമെന്റ്, വിദ്യാർത്ഥികൾ സമ്മർദ്ദത്തിലും, ആശങ്കയിലും നിൽക്കുന്ന ഈ സമയത്ത് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെയ്ക്കാൻ തയ്യാറാകണം.
#KSU