ലണ്ടൻ: കൊറോണാ വൈറസിന്റെ വിഹാര കേന്ദ്രമായി യൂറോപ്പ് മാറുമ്പോൾ വൃദ്ധജനങ്ങൾ ഏറ്റവും കൂടുതലുള്ള ഇറ്റലിയിൽ മരണം താണ്ഡവമാടുന്നു. ഇറ്റലിയിലെ ജനസംഖ്യയുടെ 23ശതമാനവും 65 വയസിന് മുകളിലുള്ളവരാണ്. അവരെയാണ് കൊറോണ ഏറ്റവും മാരകമായി ബാധിക്കുന്നത്. ആയിരത്തിലേറെ പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരിൽ ഏറെയും 80 മുതൽ 90 വരെ വയസുള്ളവരാണ്. 465 മരണം എന്നാണ് ഒദ്യോഗിക കണക്ക്.
യൂറോപ്പിലെ 27 രാജ്യങ്ങളിലും രോഗ ബാധിതരുണ്ട്. ഇറ്റലിയാണ് ഏറ്റവും കൂടുതൽ രോഗ ബാധയേറ്റ രാജ്യം. അവിടെ ജനങ്ങളുടെ നാലിൽ ഒന്ന് നിർബ്ബന്ധിത ഏകാന്ത വാസത്തിലാണ്. ഒരു രാജ്യം ഒന്നടങ്കം ക്വാറന്റൈനിൽ ആയതുപോലെയാണിപ്പോൾ. വീഥികൾ വിജനമാണ്. വളവിലും തിരിവിലുമൊക്കെ മരണം പതിയിരിക്കുന്നതുപോലെ...വീടുകളിൽ അടച്ചിരിക്കുന്നതിന്റെ വിരസത അകറ്റാൻ വീടുകളുടെ ചെറിയ ബാൽക്കണികളിൽ ഗിറ്റാറും വയലിനും അക്കോർഡിയനും മറ്റുമായി ആണും പെണ്ണും ഇറങ്ങി നിന്ന് പാടുന്നത് കാണാം...
ബ്രിട്ടനും മോശപ്പെട്ട കാലമാണെന്ന് വിദഗ്ദ്ധർ പറയുന്നു. 798 പേരാണ് രോഗ ബാധിതർ. 11 പേർ മരണമടഞ്ഞു.
ലോക സാമ്പത്തിക വ്യവസ്ഥയിലും കൊറോണ മഹാമാരിയായി മാറുകയാണ്. ഏഴായിരം ജീവനക്കാരുള്ള എഡിൻബറോ വിമാനത്താവളം മൂന്ന് മാസത്തേക്ക് അടച്ചിടുമെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിലെ ഓഹരിവില മൂന്നിലൊന്നു ഇടിയുമ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ജോലിയേയും, പെൻഷനെയും അത് ബാധിക്കും.
പ്രൊഫഷണൽ ഫുട്ബാൾ ഇംഗ്ലണ്ടിലും, ജർമ്മനിയിലും, ഫ്രാൻസിലും നിർത്തി വച്ചു. സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കൊറോണ കാലത്തെ വിവാഹമോചനം
ബി. ബി. സി ചൈനയിൽ നിന്ന് ഒരു വാർത്ത 'കണ്ടെത്തി'. തെക്ക് പടിഞ്ഞാറേ ചൈനയിലെ ദൌജോയിൽ വിവാഹ മോചനം ഏറുന്നുവെന്ന്. 88 ദമ്പതികൾ വിവാഹ മോചനം നോക്കുന്നുവത്രേ. കൊറോണ കാരണം വീട്ടിൽ അടച്ചിരുന്നപ്പോൾ ഉണ്ടായ വഴക്കാണ് പ്രശ്നമെന്ന് !!!