church-online

കോട്ടയം: കൊറോണ ഭീതിയെ തുടർന്ന് നൂറുകണക്കിന് വിശ്വാസികളെത്തുന്ന ഞായറാഴ്ച കുർബാന ഒാൺലൈനാക്കി കോട്ടയം ലൂർദ് ഫൊറോന പള്ളി. വിശ്വാസികൾ വീട്ടിലിരുന്ന് പള്ളിയിലെ കുർബാനയിൽ പങ്കുചേർന്നു. ഇന്നലെ രാവിലെ എട്ടിനും പത്തിനും നടന്ന രണ്ടു കുർബാനകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും അടക്കം തത്‌സമയം സംപ്രേഷണം ചെയ്‌തത്. സാധാരണ ഞായറാഴ്‌ചകളിൽ അഞ്ചു കുർബാനയാണ് പള്ളിയിൽ നടക്കുന്നത്. ഓരോ കുർബാനയ്‌ക്കും അഞ്ഞൂറു മുതൽ ആയിരം വരെ വിശ്വാസികൾ പങ്കെടുക്കാറുണ്ട്. ഇന്നലെ രാവിലെ നടന്ന രണ്ടു കു‌ർബാനകളിലും നൂറിൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. വിശ്വാസികൾ അകലം പാലിച്ചാണ് ഇരുന്നതും. കുർബാനയ്‌ക്കു ശേഷമുള്ള തിരുവോസ്‌തി നാവിൽ വച്ചു നൽകാതെ, കൈയിലാണ് നൽകിയത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലൂർദ്ദ് പള്ളിയുടെ അൾത്താരയിൽ അർപ്പിക്കുന്ന രണ്ട് ദിവ്യബലികൾ മൊബൈൽ ആപ്പിലൂടെയും യൂ ട്യൂബ്, ഫേസ് ബുക്ക് വഴിയും തത്സമയം കാണാനുള്ള സൗകര്യം ചെയ്തു. ഇടവക വികാരി റവ. ഡോ.ജോസഫ് മണക്കളത്തിന്റെ നേതൃത്വത്തിലായിരുന്നു ക്രമീകരണം.