തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്ക് നടന്ന പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങളെല്ലാം യു.ജി.സിയുടെയും സർവകലാശാലയുടെയും നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ചാണ് നടത്തിയിട്ടുള്ളതെന്നും ഇതു സംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകളും പരാതികളും അടിസ്ഥാനരഹിതമാണെന്നും സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.
യു.ജി.സി നിർദേശിച്ചിട്ടുള്ളതു പ്രകാരം സ്‌ക്രീനിംഗിനും ഇന്റർവ്യൂവിനുമായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളിൽ ചാൻസലറുടെ അടക്കം പ്രതിനിധികളുണ്ട്. അപേക്ഷകൾ ഈ കമ്മിറ്റി സൂക്ഷ്മമായി പരിശോധിച്ചു വിലയിരുത്തി അഭിമുഖം നടത്തി, ഐകകണ്‌ഠ്യേന നടത്തിയ സെലക്‌ഷനെ തുടർന്നാണ് വിവിധ തസ്തികകളിലായി 46 നിയമനങ്ങൾ നടന്നിട്ടുള്ളത്.
ഇതു സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും സുതാര്യമാണ്. അപേക്ഷകരുടെ കുടുംബപശ്ചാത്തലമല്ല മറിച്ച് പെർഫോമൻസ് ബെയ്സ്ഡ് അപ്രൈസൽ സ്‌കോറും യോഗ്യതയും അഭിമുഖത്തിലെ പ്രകടനവുമാണ് സെലക്‌ഷൻ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഗത്ഭരും ഗവേഷണ തല്പരരുമായ 46 അദ്ധ്യാപകരെയാണ് നിയമനത്തിനായി ശുപാർശ ചെയ്തതെന്നും സർവകലാശാല അറിയിച്ചു.