stock-market

കൊച്ചി: കൊറോണയുടെ താണ്ഡവം താങ്ങാനാവാതെ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം വൻതോതിൽ കൊഴിയുന്നു. 2020ൽ ഇതുവരെ, സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 34.86 ലക്ഷം കോടി രൂപയാണ്. ഈവർഷം ജനുവരി 17ന് സെൻസെക്‌സിന്റെ മൂല്യം റെക്കാഡുയരമായ 160.57 ലക്ഷം കോടി രൂപയിൽ എത്തിയിരുന്നു. ഒറ്റദിവസം, 3,000 പോയിന്റിനടുത്ത് നഷ്‌ടം നേരിട്ട മാർച്ച് 12ന് മൂല്യം 125.70 ലക്ഷം രൂപയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ വ്യാപാരാന്ത്യം മൂല്യം 129.26 ലക്ഷം കോടി രൂപയാണ്.

ആഗോള സമ്പദ്‌വ്യവസ്ഥയെ കൊറോണ താറുമാറാക്കിയതാണ് ഓഹരി വിപണികൾക്ക് തിരിച്ചടിയാകുന്നത്. നിക്ഷേപകർ കൈവശമുള്ള ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിയുകയാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്‌സും നിഫ്‌റ്റിയും 45 മിനിറ്റുനേരം വ്യാപാരം നിറുത്തിവയ്ക്കേണ്ടിയും വന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി സൂചികകൾ 10 ശതമാനത്തിനുമേൽ നഷ്‌ടം നേരിട്ടതാണ് കാരണം.

'ലോവർ സർക്യൂട്ട്" എന്ന നഷ്‌ടത്തിന്റെ അതിർവരമ്പ് ലംഘിക്കുമ്പോഴാണ് വ്യാപാരം നിറുത്തിവയ്ക്കുന്നത്. ഇടിവ് 20 ശതമാനം വരെയെങ്കിൽ അന്നേദിവസത്തെ വ്യാപാരം പൂർണമായി നിറുത്തുമായിരുന്നു. ഇതു ഒഴിവാക്കാനാണ് 10 ശതമാനം നഷ്‌ടം നേരിട്ടപ്പോഴേ വ്യാപാരത്തിന് ബ്രേക്കിട്ടത്. 45 മിനിറ്രിന് ശേഷം ഓഹരികൾ നേട്ടത്തിലേറിയിരുന്നു. സെൻസെക്‌സ് 1,300 പോയിന്റോളം ഉയർന്നു. ഇതാണ് മൂല്യം 125.70 ലക്ഷം കോടി രൂപയിൽ നിന്ന് 129.26 ലക്ഷം കോടി രൂപയായി ഉയരാൻ സഹായിച്ചത്.

കാശ് വാഴാതെ സെൻസെക്‌സ്

₹34.86 ലക്ഷം കോടി

സെൻസെക്‌സിൽ നിന്ന് ജനുവരി 17 മുതൽ മാർച്ച് 12 വരെയായി കൊഴിഞ്ഞത് 34.86 ലക്ഷം കോടി രൂപ. മൂല്യം ഇങ്ങനെ:

ജനുവരി 17 : ₹160.57 ലക്ഷം കോടി

മാർച്ച് 12 : ₹125.70 ലക്ഷം കോടി

കൈയൊഴിഞ്ഞ്

വിദേശ നിക്ഷേപകരും

ഈമാസം ഇതുവരെ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) പിൻവലിച്ചത് 37,796 കോടി രൂപ. ഇതിൽ 24,776 കോടി രൂപയും കൊഴിഞ്ഞത് ഓഹരി വിപണിയിൽ നിന്നാണ്. കടപ്പത്ര വിപണിയിൽ നിന്ന് 13,199 കോടി രൂപയും നഷ്‌ടമായി.

 കഴിഞ്ഞ ആറുമാസക്കാലം ഇന്ത്യൻ മൂലധന വിപണിയിൽ വൻതോതിൽ നിക്ഷേപമൊഴുക്കിയ ശേഷമാണ് വിദേശ നിക്ഷേപകർ മാർച്ചിൽ പണം പിൻവലിച്ചത്.

കീശ ചോർന്ന്

വൻകിടക്കാർ

ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമേറിയ പത്തു കമ്പനികൾ ചേർന്ന് കഴിഞ്ഞവാരം കുറിച്ചിട്ട നഷ്‌ടം 4.22 ലക്ഷം കോടി രൂപയാണ്.

നഷ്‌ടക്കണക്ക്:

(കൂടുതൽ നഷ്‌ടം നേരിട്ട 5 കമ്പനികൾ)

ടി.സി.എസ് : ₹1.16 ലക്ഷം കോടി

റിലയൻസ് ഇൻഡസ്‌ട്രീസ് : ₹1.03 ലക്ഷം കോടി

ഇൻഫോസിസ് : ₹41,315 കോടി

എച്ച്.ഡി.എഫ്.സി ബാങ്ക് : ₹34,919 കോടി

കോട്ടക് മഹീന്ദ്ര ബാങ്ക് : ₹30,931 കോടി