തിരുവനന്തപുരം: കൊറോണയ്ക്കെതിരെ ബസ് സ്റ്റാൻഡ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തും. ഇന്നലെ തമ്പാനൂരിലെ കെ.എസ്.ആർ.ടി സി. ബസ് സ്റ്റാൻഡിൽ ഇതിന് തുടക്കമായി. നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമാണ് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബാസ്റ്റാൻഡിൽ അണുനശീകരണം നടത്തിയത്. നഗരത്തിലെ ബസ് സ്റ്റാൻഡുകളും ആളുകൾ കൂടുതലായി വന്നുപോവുന്ന മറ്റ് സ്ഥലങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള സംഘത്തിന്റെ സേവനം ലഭ്യമാക്കുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു.
ദീർഘദൂര ബസ്സുകളിൽ ഉൾപ്പെടെ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു. തിങ്കളാഴ്ചയോടെ പ്രവർത്തനം വിപുലപ്പെടുത്തും. കൊറോണഭീതി മാറുന്നതുവരെ തുടരും.ആരോഗ്യകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ.പി. ബിനു, ഹെൽത്ത് സൂപ്പർവൈസർ ഉണ്ണി, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ് റോയ്, സുജിത്ത് സുധാകർ എന്നിവർ മേയറോടൊപ്പം ഉണ്ടായിരുന്നു.