ഭോപ്പാൽ: മദ്ധ്യപ്രദേശിലെ നിയമസഭ ബഡ്ജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിൽ കമൽനാഥ് സർക്കാർ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും ഇന്ന് രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നും അദ്ദേഹം അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് ബി.ജെ.പി മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, നരോത്തം മിശ്ര, രാംപാൽ സിംഗ്, ഭൂപേന്ദ്ര സിംഗ് തുടങ്ങിയ നേതാക്കളുടെ സംഘം ശനിയാഴ്ച ഗവർണറെ കണ്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി 12 ഒാടെയാണ് സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവർണറുടെ ഓഫീസ് കമൽനാഥിന് കൈമാറിയിരിക്കുന്നത്.
കോൺഗ്രസിലെ 22 വിമത എം.എൽ.എമാരിൽ തുളസി സിലാവത്, ഗോവിന്ദ് സിംഗ് രാജ്പുത്, പ്രഭുറാം ചൗധരി, ഇർമതി ദേവി, പ്രദ്യുമ്നൻ സിംഗ് തോമർ, മഹേന്ദ്ര സിംഗ് സിസോദിയ എന്നിവരുടെ രാജി സ്പീക്കർ എൻ.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. ഞായറാഴ്ചയോടെ തന്റെ മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സ്പീക്കർ എൻ.പി. പ്രജാപതി വിമതർക്ക് നോട്ടീസയച്ചെങ്കിലും അവർ ഹാജരായിട്ടില്ല.
കൊറോണ മൂലം നിയമസഭ സമ്മേളനം മാറ്റിവച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ, വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോഴേക്കും വിമത എം.എൽ.എമാരെ തിരികെയെത്തിക്കാനും ഭൂരിപക്ഷം ഉറപ്പിക്കാനും കോൺഗ്രസിന് സാധിച്ചേക്കും. ഇത് മറികടക്കാനാകും ഗവർണറുടെ സഹായത്തോടെ ബി.ജെ.പി ശ്രമിക്കുക.
കൊറോണ രക്ഷിക്കുമോ കമൽനാഥിനെ?
കൊറോണ പടരുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ നിന്നെത്തുന്ന വിമത എം.എൽ.എമാർക്ക് സ്പീക്കറുമായി കൂടിക്കാഴ്ച നടത്താൻ സർക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഭോപ്പാലിൽ എത്തുന്ന ഇവരെ ക്വാറന്റൈൻ ചെയ്തേക്കാം. ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സ്പീക്കർ വൈകിപ്പിച്ചേക്കാം.
ബി.ജെ.പിയുടെ ഭാഷ്യം: വിമത എം.എൽ.എമാരെ ക്വാറന്റൈൻ ചെയ്യാതിരിക്കാനായി ഇവരെയെല്ലാവരെയും ബംഗളൂരുവിൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഭോപ്പാലിൽ ആരോഗ്യ ഉദ്യോഗസ്ഥരെ കാണിക്കുമെന്നുമാണ് ബി.ജെ.പി പറയുന്നത്.
ആരോഗ്യമന്ത്രിയുടെ ഭാഷ്യം: വിമത എം.എൽ.എമാർ ഭോപ്പാലിലെത്തിയാൽ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി തരുൺ ഭാനോട്ട് പറഞ്ഞു. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണിതെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
വോട്ടെടുപ്പ് നടന്നാൽ സർക്കാർ വീണേക്കും
വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടേക്കും. 22 എം.എൽ.എമാർ രാജി സമർപ്പിച്ചതോടെ സഭയുടെ അംഗ സംഖ്യ 206 ആയി കുറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന് 92 പേരുടെ പിന്തുണ മാത്രമാണ് ലഭിക്കുക. ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയുണ്ട്. ഈ ഘട്ടത്തിൽ ബി.ജെ.പി അധികാരത്തിലെത്താനാണ് കൂടുതൽ സാദ്ധ്യത. അതേസമയം എം.എൽ.എമാർ രാജി പിൻവലിച്ചാൽ സർക്കാരിന് തുടരാം.