bigg-boss

ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ ഇന്നലത്തെ എപ്പിസോഡിലൂടെ പുറത്തായതോടെ പരിപാടിയുടെ സംഘാടകർക്കെതിരെയും അവതാരകനായ മോഹൻലാലിനെതിരെയും അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. 'രജിത് ആർമി' എന്ന പേരിൽ അറിയപ്പെടുന്ന രജിത് കുമാറിന്റെ ആരാധക വൃന്ദമാണ് സഭ്യത കൈവെടിഞ്ഞ് അദ്ദേഹത്തിന് വേണ്ടിയെന്ന മട്ടിൽ തെറിവാക്കുകളും അസഭ്യങ്ങളും ഉൾപ്പെടുന്ന വാക്കുകളാൽ സൈബർ ആക്രമണം നടത്തിയത്.

മോഹൻലാലും പരിപാടിയുടെ സംഘാടകരും രജിത് കുമാറിനെ പുറത്താക്കാനായി ഒത്തുകളിച്ചുവെന്നും പരിപാടിയിലെ മറ്റ് മത്സരാർത്ഥികളായ രേഷ്മയ്ക്കും ആര്യയ്ക്കും വേണ്ടിയാണ് ഇങ്ങനെ അവർ പ്രവർത്തിച്ചതെന്നുമാണ് ഇവരുടെ പ്രധാന ആരോപണം.

എന്നാൽ ഇപ്പോൾ രേഷ്മ നായർക്കെതിരെയും ഇവർ അധിക്ഷേപങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. രേഷ്മയുടെയും ഏഷ്യാനെറ്റിന്റെയും മോഹൻലാലിന്റേയും പേജിൽ നടിയും മോഡലുമായ ഇവർക്കെതിരെ സ്ളട്ട് ഷേയ്‌മിംഗും ബോഡി ഷേയ്‌മിംഗും മറ്റും നടത്തുകയാണ് രജിത് ആരാധകർ.

രജിത്തിനെ പരിപാടിയിൽ നിന്നും പുറത്താക്കിയതിന് കാരണം രേഷ്മയാണെന്നും അകാരണമായി രജിത്തിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് രേഷ്മ ഇങ്ങനെ പ്രവർത്തിച്ചതെന്നും ഇവർ പറയുന്നു. ക്ഷമ പറഞ്ഞിട്ടും രജിത്തിനെ തിരിച്ചെടുക്കാൻ രേഷ്മ വഴങ്ങാത്തത് 'ഗുരുതര' തെറ്റായും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.