aram

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ ലാഭം 2019ൽ 21 ശതമാനം ഇടിഞ്ഞ് 8,820 കോടി ഡോളറിലെത്തി. 2018ൽ ലാഭം 11,110 കോടി ഡോളറായിരുന്നു. ക്രൂഡോയിൽ വില കുത്തനെ താഴ്‌ന്നതാണ്, സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ ആരാംകോയ്ക്ക് തിരിച്ചടിയായത്.

സൗദി ഭരണകൂടത്തിന് 98 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണിത്. 1.7 ലക്ഷം കോടി ഡോളർ മൂല്യമുള്ള സൗദി ആരാംകോ, കഴിഞ്ഞ ഡിസംബറിൽ പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) നടത്തി ഓഹരി വിപണിയിൽ പ്രവേശിച്ചിരുന്നു. 2,940 കോടി ഡോളറാണ് ഐ.പി.ഒയിലൂടെ സമാഹരിച്ചത്. ഇത് ലോക റെക്കാഡാണ്.

ലാഭം കുറഞ്ഞതിനാലും ക്രൂഡോയിൽ വില മൂന്നു ദശാബ്‌ദത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കിൽ എത്തിയതിനാലും ചെലവ് ചുരുക്കാൻ ആരാംകോ തീരുമാനിച്ചതായി സി.ഇ.ഒ അമിൻ നാസർ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ, ആരാംകോയുടെ ഐ.പി.ഒ വേളയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 64 ഡോളറായിരുന്നു. കഴിഞ്ഞവാരം വില 33.85 ഡോളറാണ്.