ksrtc-bus

കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് മൂന്നാറിലേക്ക് ടിക്കറ്റെടുത്ത വനിത അടക്കമുള്ള രണ്ടു സ്‌പെയിൻകാരെ ബസിൽ നിന്നിറക്കി ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്‌ക്ക് സേനാപതി - പൂപ്പാറ ബസിൽ കയറിയ ഇവർ മൂന്നാറിന് ടിക്കറ്റ് എടുത്തതോടെ കണ്ടക്ടർ ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കുറവിലങ്ങാട്ട് വച്ച് ബസ് തടഞ്ഞ് ഇരുവരെയും പുറത്തിറക്കി കുറവിലങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങളില്ല. ഇവരുടെ രക്ത സാമ്പിളുകൾ ശേഖരിച്ച ശേഷം പാലാ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.

ജനുവരിയിൽ ഇന്ത്യയിൽ എത്തിയ ഇരുവരും വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം നേപ്പാളിലേക്ക് പോയി. തുടർന്ന് കഴിഞ്ഞ ആറിന് കോട്ടയത്ത് തിരികെയെത്തി. കോട്ടയത്ത് പലയിടങ്ങളിൽ പോയതായും വിവിധ ഹോട്ടലുകളിൽ താമസിച്ചതായും ഇവർ പറഞ്ഞു.