നെടുമ്പാശേരി: മൂന്നാറിലെ ഹോട്ടലിലെ നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊറോണ രോഗിയായ ബ്രിട്ടീഷ് പൗരനേയും 17 അംഗസംഘത്തേയും കൊച്ചി വിമാനത്താവളത്തിൽ പുറപ്പെടാനൊരുങ്ങിയ ദുബായ് വിമാനത്തിൽ നിന്ന് പുറത്തിറക്കി ഐസൊലേഷനിലാക്കി.
ബ്രിട്ടീഷ് പൗരനെയും ഭാര്യയെയും കളമശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ ഫലം നെഗറ്റീവ് ആണെങ്കിലും അവരെയും ഐസോലേഷനിലാക്കി. ഇവർക്കൊപ്പമുണ്ടായിരുന്ന 17 പേരെ എറണാകുളത്തെ സ്വകാര്യ ഹോട്ടലിലും നിരീക്ഷണത്തിലാക്കി.
വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും പുറത്തിറക്കി വിമാനം അണുവിമുക്തമാക്കി. മൂന്ന് മണിക്കൂറോളം വൈകി മറ്റ് യാത്രക്കാരുമായി വിമാനം ദുബായിലേക്ക് പോയി. വിമാനത്തിൽ ബ്രിട്ടീഷ് സംഘത്തിൽപ്പെട്ട ഒരാളുടെ സീറ്റിൽ ഇരുന്ന മലയാളി സ്വയം യാത്ര മുടക്കി പരിശോധനക്ക് സന്നദ്ധനായി.
കഴിഞ്ഞ 6ന് നെടുമ്പാശേരി വിമാനത്താവളം വഴി കൊച്ചിയിലെത്തിയ ബ്രിട്ടീഷ് സഞ്ചാരികൾ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 10ന് ഉച്ചയോടെയാണ് മൂന്നാറിലെത്തിയത്. കെ.ടി.ഡി.സിയുടെ ആഡംബര ഹോട്ടലായ ടീ കൗണ്ടിയിലായിരുന്നു താമസം. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്ന ബ്രിട്ടീഷ് പൗരൻ അന്ന് രാത്രി ഒമ്പതോടെ മൂന്നാറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കൊറോണ സംശയിച്ച ഡോക്ടർ ആരോഗ്യവകുപ്പിനെ അറിയിച്ചു. തുടർന്ന് ഇയാളും ഭാര്യയും അടക്കമുള്ള 19 അംഗ സംഘത്തെ ഹോട്ടലിൽ തന്നെ നിരീക്ഷത്തിലാക്കി.
11ന് രാവിലെ ഇയാളും ഭാര്യയും ഒഴികെയുള്ള സംഘം മാട്ടുപ്പെട്ടി ഡാം സന്ദർശിച്ചു. അന്ന്
രാത്രി ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് ശരീരസ്രവങ്ങൾ ശേഖരിച്ച ശേഷം പിറ്റേന്ന് ഹോട്ടലിലെത്തിച്ചു. പരിശോധന ഫലം വരും വരെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഹോട്ടലിൽ തുടരാൻ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ 14ന് രാത്രി 10 മണിയോടെ ട്രാവൽ ഏജന്റിന്റെ നേതൃത്വത്തിൽ സംഘം ടൂറിസ്റ്റ് ബസിൽ കൊച്ചിയിലേക്ക് പോവുകയായിരുന്നു.
ഇയാളുടെ ആദ്യ ഫലം നെഗറ്റീവായിരുന്നു. വിശദ പരിശോധനയുടെ ഫലം ശനിയാഴ്ച വൈകിട്ടാണ് ഇടുക്കിയിലെ ആരോഗ്യവകുപ്പിന് ലഭിച്ചത്. അതിന് മുമ്പ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിച്ചിരുന്നു.
ഇന്നലെ രാവിലെ 9ന് ദുബായ് വഴി പോകുന്ന എമിറേറ്റ്സ് വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 8.45നാണ് ഇടുക്കി കളക്‌ടർ എറണാകുളം കളക്‌ടർ എസ്. സുഹാസിനെ വിവരം അറിയിക്കുന്നത്. അപ്പോഴേക്കും എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകളെല്ലാം പൂർത്തിയാക്കി സംഘം വിമാനത്തിൽ കയറിയിരുന്നു. അദ്ദേഹം അപ്പോൾ തന്നെ വിമാനത്താവളവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് വിമാനം തടയാൻ നിർദ്ദേശിക്കുകയായിരുന്നു.
ആരോഗ്യ വകുപ്പ് അധികൃതരും മറ്റും ചേർന്ന് വിമാനത്തിൽ നിന്ന് ബ്രിട്ടീഷ് സംഘത്തെ പുറത്തിറക്കി.
തിരിച്ച് പോകുന്നവർക്ക് വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധന ഇല്ലാത്തതാണ് കൊറോണ സ്ഥിരീകരിച്ചയാളെ കണ്ടെത്താൻ വൈകിയതിന് കാരണം.