yes-bank

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബാങ്കായ യെസ് ബാങ്ക്, ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 18,564 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തി. മുൻവ‌ർഷത്തെ സമാനപാദത്തിൽ 1,000 കോടി രൂപയുടെ ലാഭം ബാങ്ക് നേടിയിരുന്നു. നടപ്പുവർഷം ജൂലായ് - സെപ്‌‌തംബറിൽ 600 കോടി രൂപയായിരുന്നു നഷ്‌ടം.

പ്രതിസന്ധികളെ തുടർന്ന്, പുറത്തുവിടാതെ വച്ച പ്രവർത്തനഫലമാണ് ഇന്നലെ യെസ് ബാങ്ക് പ്രഖ്യാപിച്ചത്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 7.39 ശതമാനത്തിൽ നിന്ന് 18.87 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. 17,134 കോടി രൂപയിൽ നിന്ന് 40,709 കോടി രൂപയായാണ് മൊത്തം നിഷ്‌ക്രിയ ആസ്‌തി ഉയർന്നത്.

തിരിമറികൾ കണ്ടെത്തുകയും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയും ചെയ്‌ത പശ്‌ചാത്തലത്തിൽ യെസ് ബാങ്കിനെതിരെ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതുവഴി, യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്ത റിസർവ് ബാങ്ക്, മുൻ എസ്.ബി.ഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ പ്രശാന്ത് കുമാറിനെ സി.ഇ.ഒയായി നിയമിച്ചിരുന്നു. ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായും നിജപ്പെടുത്തി.

യെസ് ബാങ്കിന്റെ ഓഹരി പുനഃക്രമീകരണത്തിന് കേന്ദ്ര കാബിനറ്ര് അനുമതി ലഭിച്ചതിനാൽ മൊറട്ടോറിയം ഈയാഴ്‌ച പിൻവലിക്കും. എസ്.ബി.ഐയുടെ നേതൃത്വത്തിൽ യെസ് ബാങ്കിനെ കരകയറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

₹250 കോടി നിക്ഷേപിക്കാൻ

ഐ.ഡി.എഫ്.സി ഫസ്‌റ്റ്

യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിക്കുമെന്ന് ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്ക് വ്യക്തമാക്കി. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള നിക്ഷേപ മഹാമഹത്തിൽ പേര്ചേർക്കുന്ന ഒടുവിലത്തെ ബാങ്കാണിത്. 7,250 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരികളാണ് എസ്.ബി.ഐ ഏറ്റെടുക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയും നിക്ഷേപം നടത്തുന്നുണ്ട്.