corona-

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി. മൂന്നാറിലെ റിസോർട്ടിൽ താമസിച്ചിരുന്ന ബ്രിട്ടൻ സ്വദേശിക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌പെയിനിൽ നിന്നും തിരിച്ചെത്തിയ ഡോക്ടറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്. അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരെ സന്ദർശിക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കും. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കരണങ്ങൾ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു

വിദേശികളുടെ യാത്രാവിവരങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പരിശോധനയ്ക്കു വിധേയരായ വിദേശികൾ ഫലം വരാതെ മടങ്ങിപ്പോകാൻ പാടില്ല. കോവിഡ്–19 പരിശോധന ഫലപ്രദമാക്കും. റോഡ് യാത്രക്കാർക്കും പരിശോധനയുണ്ടാകും. ജനങ്ങൾ പുറത്തിറങ്ങുന്നതിൽ പ്രശ്നമില്ല. എന്നാൽ കൂട്ടം കൂടരുത്. യാത്രക്കാർ വാഹനങ്ങളിൽ നിന്നിറങ്ങി പരിശോധനയ്ക്കു വിധേയരാകണമെന്നും മന്ത്രി അറിയിച്ചു.