ph

കായംകുളം: സൗദി അറേബ്യയിലെ റിയാദിൽ ഹോട്ടലിന്റെ പാരപ്പറ്റ് തകർന്നു വീണ് കായംകുളം കീരിക്കാട് തെക്ക് കുളങ്ങരേത്ത് വീട്ടിൽ കോയാക്കുട്ടിയുടെ മകൻ അബ്ദുൾ അസീസിന് (55) ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിയാദിലെ എക്സിറ്റ് മുപ്പതിലുള്ള മലാസ് ഹോട്ടലിന്റെ മുൻഭാഗമാണ് ഇന്നലെ ഉച്ചയോടെ അറ്റകുറ്റപ്പണിക്കിടെ തകർന്നത്. പുറത്തുനിന്ന് ചായ കുടിയ്ക്കുകയായിരുന്നു അബ്ദുൾ അസീസ്. കരുനാഗപ്പള്ളി സ്വദേശി സമദിന്റേതാണ് ഹോട്ടൽ. കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നു. റിയാദ് പ്രിൻസ് നൂറ യൂണിവേഴ്സിറ്റിയിലെ ഡ്രൈവർ ആയിരുന്ന അബ്ദുൾ അസീസ് മുപ്പത് വർഷമായി റിയാദിലുണ്ട്. നാട്ടിൽ സഹോദരിയുടെ മകളുടെ വിവാഹമായിരുന്നു ഇന്നലെ. മാതാവ്: ഷെരീഫ, മക്കൾ: ആരിഫ് (ദുബായ്), ആഷിന. മരുമകൻ: അർഷ്.