donald-trump

ലണ്ടൻ: കോടീശ്വരനും റിയൽ എസ്റ്റേറ്റ് രാജാവും ഇപ്പോൾ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് സ്ത്രീകളെ കുറിച്ച് നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കാലത്താണ് ഏറ്റവും കൂടുതലായി പുറത്ത് വരുന്നത്. സ്ത്രീകളെ കുറിച്ച് അങ്ങേയറ്റം ഹീനവും അപമാനകരവുമായ ഒരു അമേരിക്കൻ പ്രസിഡൻഷ്യൽ കാന്റിഡേറ്റ് നടത്തുന്നത് അമേരിക്കയ്ക്ക് ആദ്യത്തെ അനുഭവമായിരുന്നു. എന്നാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ് ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ ഈയിടെയാണ് പ്രസിഡന്റുമായി ബന്ധപ്പെട്ട വിവാദപരമായ ചില കാര്യങ്ങൾ പുറത്തുവരുന്നത്. 1991ൽ ട്രംപ് സംഘടിപ്പിച്ച മോഡലിംഗ്‌ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ ഏതാനും കൗമാരക്കാരികളായ മോഡലുകളെ ഭീഷണിപ്പെടുത്തി ഡാൻസ് ചെയ്യിച്ചു എന്ന ആരോപണമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രിട്ടീഷ് പത്രമായ ഗാർഡിയനോടാണ് അന്നത്തെ ടീനേജ് മോഡലുകൾ ഇക്കാര്യം വെളിപ്പെടുത്തിയത്. 1991 സെപ്തംബറിൽ ന്യൂ യോർക്കിലെ സ്റ്റാച്യു ഓഫ്‌ ലിബേർട്ടിക്ക് സമീപത്തായി നിർത്തിയിട്ടിരുന്ന ആഡംബര ക്രൂയിസ് കപ്പലിൽ സംഭവം നടന്നതെന്നാണ് മോഡലുകൾ പറയുന്നത്.

മറ്റ് മോഡലുകൾക്കൊപ്പം അവിടേക്ക് എത്തിയ ഡൊണാൾഡ് ട്രംപിന് അന്ന് 45 വയസുണ്ടായിരുന്നു. മോഡലിംഗ് മത്സരത്തിന്റെ സംഘാടകയായ സ്ത്രീയാണ് ഭാവി അമേരിക്കൻ പ്രസിഡന്റിന് വേണ്ടിയും ക്രൂയിസിലുണ്ടായിരുന്ന മറ്റ് പുരുഷന്മാർക്ക് വേണ്ടിയും തങ്ങളെ ഡാൻസ് കളിക്കാനായി നിർബന്ധിച്ചതെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മത്സരത്തിൽ നിന്നും പുറത്താകും എന്ന് പറഞ്ഞതെന്നും ഇവർ പറഞ്ഞു. ഒടുവിൽ മോഡലിംഗ് പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ തങ്ങൾ ഇവർക്കായി ഡാൻസ് ചെയ്യുകയായിരുന്നു എന്ന് മോഡലുകൾ ഓർക്കുന്നു. സായാഹ്‌ന വസ്ത്രങ്ങളും മിനി സ്കർട്ടുകളും അണിഞ്ഞാണ് അന്ന് ഈ ടീനേജ് മോഡലുകൾ അവിടേക്ക് എത്തിയത്.