corona-virus

കൊറോണ വൈറസിനെ തടയാൻ പലവിധ മാർഗങ്ങൾ സോഷ്യൽമീഡിയിയിലൂടെയും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിലെ നേരും നുണയും തിരിച്ചറിയണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

 ഹാന്റ് ഡ്രൈയർ കൊറോണാ വൈറസിനെ കൊല്ലും

ഇല്ല. പ്രയോജന രഹിതം. കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കിയ ശേഷം ഡ്രൈയർ ഉപയോഗിച്ച് ഉണക്കാമെന്നു മാത്രം.

ശരീരത്തിൽ ക്ലോറിൻ അല്ലെങ്കിൽ ആൾക്കഹോൾ സ്‌പ്രേ ചെയ്താൽ വൈറസിനെ നശിപ്പിക്കാം

തെറ്റ്. ഇത്തരം വസ്തുക്കൾ കണ്ണിലും മൂക്കിലും എത്തിയാൽ അപകടമായേക്കും. പക്ഷേ ഇവ രണ്ടും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡിസ്ഇൻഫെക്ടന്റ് ആയി ഉപയോഗിക്കാം.

അൾട്രാവയലറ്റ് ഡിസ്ഇൻഫെക്ഷൻ ലൈറ്റ് വൈറസിനെ ഇല്ലാതാക്കും

ഇല്ല, ഇത് ചിലപ്പോൾ തൊലിപ്പുറത്ത് അസ്വസ്ഥത ഉണ്ടാക്കിയേക്കും.

വെളുത്തുള്ളി കഴിച്ചാൽ, രസം കുടിച്ചാൽ വൈറസ് ബാധ തടയാം

തെറ്റ്. രോഗ പ്രതിരോധത്തിന് നല്ലതാണ്.

 ഗോമൂത്രം ചാണകം എന്നിവ ശരീരത്തിൽ പൂശുകയോ ഭക്ഷിക്കുകയോ ചെയ്താൽ വൈറസ് പമ്പകടക്കും.

ഒരിക്കലുമില്ല. അങ്ങനെ ചെയ്താൽ മറ്റു പല അസുഖങ്ങളും പിടിപെട്ടേക്കാം.

 മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്ന് വൈറസിനെതിരെ ഫലപ്രദം

ഇല്ല. സാധാരണ ജലദോഷ ചികിത്സയിൽ ചെറിയ രീതിയിൽ പ്രയോജനകരം.

ചെറുപ്പക്കാർ, പ്രായമായവർ,​ കുട്ടികൾ എല്ലാവരെയും കൊറോണ ബാധിക്കും

എല്ലാ പ്രായത്തിലുള്ളവർക്കും പിടിപെടാനിടയുണ്ട്. എന്നാൽ പ്രായമേറിയവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും വൈറസ് ബാധ ഗുരുതരമായേക്കാൻ സാദ്ധ്യതയുണ്ട്.

 തെർമ്മൽ സ്കാനർ ഉപയോഗിച്ച് കൊറോണ വൈറസ് ബാധയുള്ളവരെ കണ്ടെത്താനാകും.

പനിയുള്ളവരെ കണ്ടെത്താനാകും. എന്നാൽ വൈറസ് ബാധിച്ച എല്ലാവർക്കും ഉടനെ പനി ഉണ്ടാകണമെന്നില്ല. മാത്രമല്ല എല്ലാ പനികളും കൊറോണ മൂലം ആവണമെന്നുമില്ല.

രോഗബാധ തടയാൻ ഹോമിയോ,​ സിദ്ധ വിഭാഗത്തിൽ ചില പ്രത്യേക മരുന്നുകളുണ്ട്.

ഇല്ല. അങ്ങനെ യാതൊരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പുതിയ അസുഖമാണ് കൊറോണ. പഠനങ്ങൾ നടക്കുകയാണ്. ഇതൊന്നും അറിയാതെയുള്ള അവകാശവാദങ്ങൾ തള്ളിക്കളയണം.

രോഗം ചികിത്സിച്ച് ഭേദമാക്കാൻ പ്രത്യേക മരുന്നുകളുണ്ട്.

ഇതുവരെ ഇല്ല. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ചികിത്സയും ആവശ്യമെങ്കിൽ മികച്ച സപ്പോർട്ടീവ് സൗകര്യങ്ങളുമാണ് നൽകുക.

 പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾ അസുഖം പകരാൻ കാരണമാകും

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യതയാണ് കൂടുതൽ.

ഒരു പട്ടിക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതുകൊണ്ട് ജാഗ്രത വേണം. വളർത്ത് മൃഗങ്ങളെ സ്‌പർശിക്കുകയാണെങ്കിൽ കൈ നന്നായി കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക.

കൊറോണ വൈറസ് ചികിത്സയ്ക്ക് ആന്റിബയോട്ടിക് പ്രയോജനപ്പെടുമോ ?

ഇല്ല, ആന്റിബയോട്ടിക് കൊറോണ വൈറസിന് എതിരെ പ്രവർത്തിക്കില്ല. എന്നാൽ വൈറസ് ബാധയോടൊപ്പം ബാക്ടീരിയ മൂലമുള്ള അണുബാധ ഉണ്ടെങ്കിൽ ആന്റിബയോട്ടിക് ആവശ്യമായേക്കാം.

അന്തരീക്ഷതാപനില കൂടിയ സ്ഥലങ്ങളിൽ കൊറോണ വൈറസ് പകരില്ല

അല്ല. അന്തരീക്ഷ താപനില ഉയർന്ന സ്ഥലങ്ങളിലും കൊറോണ വൈറസ് രോഗ വ്യാപനം ഉണ്ടായിട്ടുണ്ട്. നിലവിൽ ശാസ്ത്രീയ അടിത്തറ ഒന്നുമില്ലാത്ത ഒരു അഭിപ്രായമാണിത്.

 മദ്യപിച്ചാൽ കൊറോണ വൈറസ് ബാധ തടയാനാകും

ഒരിക്കലുമില്ല. ഈഥൈൽ ആൾക്കഹോൾ അകത്താക്കിയാൽ പൂസാകാൻ സാദ്ധ്യതയുണ്ട്. കൂടിയ അളവിൽ മദ്യപിച്ചാൽ ബോധം മറയാനും ജീവന് അപകടകരമാകാനും ഇടയുണ്ട്.

 ഇടയ്ക്കിടെ ചൂട് വെള്ളം കുടിച്ചാൽ കൊറോണ വൈറസ് വരില്ല

ഇല്ല, അങ്ങനെ എന്തെങ്കിലും പ്രയോജനം ഉള്ളതായി തെളിഞ്ഞിട്ടില്ല. എങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. .

വൈറസ് ബാധ മൂലം ശ്വാസകോശത്തിൽ ഫൈബ്രോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്. അത് പരിശോധിക്കാനായി പരമാവധി ശക്തിയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് 10 സെക്കൻഡ് പിടിച്ചു വച്ചാൽ വൈറസ് ബാധ ഇല്ലെന്ന് വ്യക്തമാകും.

അല്ല, ഈ സന്ദേശം തെറ്റാണ്.

ഐസ്‌ക്രീം,​ തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ കഴിക്കരുത്.

രോഗമുള്ള വ്യക്തിയുടെ ശ്രവം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ഐസ്‌ക്രീം കഴിച്ചാലും ഇല്ലെങ്കിലും അങ്ങനെതന്നെ.

ഉപ്പുവെള്ളം കൊണ്ട് തൊണ്ട ഗാർഗിൾ ചെയ്താൽ ടോൺസിൽ അണുക്കൾ നശിക്കും

തൊണ്ടവേദനയ്ക്ക് ഇങ്ങനെചെയ്യുന്നത് നല്ലതാണ്. കൊറോണയെ പ്രതിരോധിക്കാൻ ഈ മാർഗം വൈദ്യശാസ്ത്രം നിഷ്‌കർഷിക്കുന്നില്ല.

 ന്യൂമോണിയ വാക്‌സിൻ സ്വീകരിച്ചവർക്ക് കൊറോണയ്ക്കെതിരെ പ്രതിരോധശേഷി ലഭിക്കും

ഇല്ല. കൊറോണ പുതിയ ഒരു അസുഖമാണ്. വാക്‌സിൻ കണ്ടെത്താൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.