തിരുവനന്തപുരം: ജില്ലയിലെ സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ നഗരസഭയും ജയിൽ വകുപ്പും കൈകോർക്കും. സാനിറ്റൈസർ നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ ജയിലിൽ നൽകി അവിടെ നിന്നും നിർമ്മിക്കുന്ന സാനിറ്റൈസർ നഗരസഭ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും. മേയർ കെ. ശ്രീകുമാർ, ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗുമായി ഇതേക്കുറിച്ച് ചർച്ച നടത്തിയാണ് സാനിറ്റൈസർ ജയിലിൽ നിർമ്മിക്കാൻ നടപടിയെടുത്തത്. നിർമ്മാണത്തിന് ആവശ്യമായ സ്‌പിരിറ്റ് ലഭ്യമാക്കാൻ മന്ത്രി ടി.പി. രാമകൃഷ്‌ണന്റെ ഓഫീസുമായി മേയർ ബന്ധപ്പെട്ടിരുന്നു. ജയിലിൽ നിർമ്മിക്കുന്ന സാനിറ്റൈസർ റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് പൊതുസ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവ വഴി വിതരണം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. കെ.എസ്.ഡി.പി വഴിയുള്ള സാനിറ്റൈസറിന്റെ ആദ്യലോഡ് ഇന്ന് നഗരസഭയിലെത്തും. ജയിൽ വകുപ്പിൽ നിന്ന് ആവശ്യമായ മാസ്‌കുകളും ലഭ്യമാക്കും. നഗരത്തിൽ മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ പൂഴ്‌ത്തിവയ്‌ക്കുന്നതും വിലവർദ്ധിപ്പിച്ച് വിൽക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ മേയറുടെ നേതൃത്വത്തിൽ മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടത്തിയിരുന്നു.