corona

കൊറോണ രോഗബാധയുടെ കാലത്ത് സർക്കാർ ഏർപ്പെടുത്തിയ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് ഫോണിലൂടെ പ്രീ കോൾ ട്യൂൺ ആയും കോളർ ട്യൂൺ ആയും എത്തുന്ന മുന്നറിയിപ്പ് സന്ദേശം. മൊബൈൽ ഉപയോക്താക്കൾക്ക് ജാഗ്രത നിർദ്ദേശമായി രാജ്യത്തുടനീളം എത്തുന്ന ശബ്ദത്തിന്റെ ഉടമ ഒരു മലയാളിയാണ്. എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്റ്റോർ ഡിപ്പോ ജൂനിയർ അക്കൗണ്ട്സ് ഓഫീസറായി ജോലി ചെയ്യുന്ന ശ്രീപ്രിയ ആണ് ഈ ശബ്ദത്തിന്റെ ഉടമ. ബി.എസ്.എൻ.എല്ലിന്റെ മലയാളം അനൗൺസ്മെന്റുകളിലൂടെ ശ്രദ്ധേയയാണ് ശ്രീപ്രിയ.

പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ഒരു മീറ്റർ അകലം പാലിക്കുക എന്നീ കാര്യങ്ങളാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള സന്ദേശത്തിലൂടെ ശ്രീപ്രിയ പറയുന്നത്. മൊബൈൽഫോൺ സേവന ദാതാക്കളായ ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ തുടങ്ങിയവരെല്ലാം സർക്കാരിന്റെ കൊറോണ മുന്നറിയിപ്പ് സന്ദേശം പ്രവർത്തനക്ഷമമാക്കിയിരുന്നു. എന്നാൽ ഈ സന്ദേശം മാനസിക സംഘർഷം ഉണ്ടാക്കുന്നതാണെന്ന് ആരോപിച്ച് സന്ദേശത്തിനെതിരെ ഒരു ചെന്നൈ അഭിഭാഷകൻ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.